പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍വേട്ട തുടരുന്നു ! ഡിസ്‌കസ് ത്രോയില്‍ യോഗേഷ് ഖാത്തൂണിയയ്ക്ക് വെള്ളി

ടോക്കിയോ: പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടത്തില്‍ ഒരു വെള്ളി കൂടി. പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ എഫ് 56 വിഭാഗത്തില്‍ യോഗേഷ് ഖാത്തൂണിയയാണ് വെള്ളിമെഡല്‍ സ്വന്തമാക്കിയത്.

സീസണിലെ താരത്തിന്റെ മികച്ച ദൂരമായ 44.38 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് യോഗേഷ് ഖാത്തൂണിയയുടെ മെഡല്‍ നേട്ടം. ഈ വിഭാഗത്തില്‍ ബ്രസീല്‍ താരം ബാറ്റിസ്റ്റ ഡോസ് സാന്റോസ് സ്വര്‍ണവും, ക്യൂബയുടെ എല്‍. ഡയസ് അല്‍ദാന വെങ്കലവും നേടി.

നേരത്തെ, പുരുഷ ജാവലിന്‍ ത്രോ – എഫ് 46 ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ ദേവേന്ദ്ര ജജാരിയ വെള്ളി മെഡലും, 64.35 എറിഞ്ഞ സുന്ദര്‍ സിംഗ് ഗുര്‍ജാര്‍ വെങ്കല മെഡലും നേടിയിരുന്നു.

മത്സരത്തിന്റെ തുടക്കത്തില്‍ ശരാശരിയില്‍ മാത്രം ഒതുങ്ങിയ ദേവേന്ദ്ര പിന്നീട് 64.35 മീറ്ററെന്ന മികച്ച ദൂരം കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ പാര-അത്ലറ്റില്‍ നിന്നുള്ള നാലാമത്തെയും അഞ്ചാമത്തെയും ത്രോ ഫൗളുകളായിരുന്നെങ്കിലും, അവസാനത്തേത് 61.23 മീറ്റര്‍ ദൂരം കണ്ടെത്തി.

സുന്ദറും മെഡല്‍ നേട്ടത്തിലേക്ക് കടക്കാനുള്ള അഞ്ചാമത്തെ ശ്രമത്തില്‍ 64 മീറ്റര്‍ മാര്‍ക്കിന് മുകളില്‍ എറിഞ്ഞിരുന്നു. മൂന്നാമത്തെ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം അജീത് സിംഗ് ഫൈനലില്‍ എട്ടാം സ്ഥാനത്തെത്തി.