ക്വാറി ഉടമകള്‍ക്കും, പിന്താങ്ങിയ സര്‍ക്കാരിനും തിരിച്ചടി; ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി സ്റ്റേ

ന്യൂഡല്‍ഹി: ജനവാസ കേന്ദ്രങ്ങളില്‍ നിന്നും ഇരുനൂറ് മീറ്റര്‍ അകലെ മാത്രമേ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കാവൂ എന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവിന്റെ ബലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ നിരവധി ക്വാറി ഉടമകള്‍ക്ക് തിരിച്ചടിയാണ് സുപ്രീം കോടതി സ്റ്റേ.

നേരത്തെ, സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ഖനനം നടത്തുന്ന കരിങ്കല്‍ ക്വാറികള്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും 200 മീറ്റര്‍ അകലെമാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് വ്യക്തമാക്കി ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിറക്കിയിരുന്നു. പൊതുപ്രവര്‍ത്തകര്‍ നല്‍കിയ നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ സ്വമേധയ എടുത്ത കേസിലായിരുന്നു ഈ ഉത്തരവ്. ഇതിനെതിരെ ക്വാറി ഉടമകള്‍ നല്‍കിയ അപ്പീലുകളില്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ക്വാറി ഉടമകളുടെ കൂടി വാദം കേട്ട് പുതിയ ദൂരപരിധി നിശ്ചയിക്കാന്‍ എന്‍.ജി.ടിയോട് നിര്‍ദേശിക്കുകയും ചെയ്തു. ക്വാറി ഉടമകളുടെ നിലപാടിനെ പിന്തുണച്ച സര്‍ക്കാര്‍ പിന്നീട് കോടതിയില്‍ റിട്ട് ഹര്‍ജിയും നല്‍കിയിരുന്നു.

അതേസമയം, സ്വമേധയാ കേസെടുക്കാനുള്ള അധികാരം ഹരിത ട്രൈബ്യൂണലിന് ഇല്ലെന്ന ക്വാറി ഉടമകളുടെ വാദം ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ഇതിനെതിരെ ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി ഉത്തരവ് പൂര്‍ണമായും സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഇതോടെ 200 മീറ്റര്‍ ദൂപരിധി നിശ്ചയിച്ച ഹരിതട്രൈബ്യൂണിലന്റെ ഉത്തരവ് സുപ്രീംകോടതി ഇനിയൊരുത്തരവ് പുറപ്പെടുവിക്കുന്നതുവരെ വീണ്ടും പ്രാബല്യത്തില്‍ വരും. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തതോടെ സംസ്ഥാന സര്‍ക്കാര്‍ നിലപാടിന് കൂടിയാണ് തിരിച്ചടിയേറ്റത്.