കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം നേതാക്കളുടെ കാലുവാരലും, സംഘടനാ ദൗര്‍ബല്യവുമെന്ന് കെപിസിസി അന്വേഷണ സമിതി റിപ്പോര്‍ട്ട്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിക്ക് കാരണം സംഘടനാ ദൗര്‍ബല്യവും, നേതാക്കളുടെ കാലുവാരലുമാണെന്ന് കെപിസിസി അന്വേഷണ സമിതി റിപ്പോര്‍ട്ട്. കേരളാ കോണ്‍ഗ്രസ് (എം) മുന്നണി വിട്ടതും കടുത്ത തിരിച്ചടിയുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

മാസങ്ങള്‍ നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. തോല്‍വിയുണ്ടായ ഓരോ മണ്ഡലങ്ങളിലെയും സാഹചര്യം അന്വേഷണ സമിതി പ്രത്യേകം വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മൂന്ന് പേരടങ്ങുന്ന അഞ്ച് സമിതിയാണ് വിവിധ ജില്ലകളിലെത്തിയ വിശദമായ പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

സ്ഥാനാര്‍ത്ഥിത്വം മോഹിച്ച് കിട്ടാതെ പോയ നേതാക്കളുടെ പാര വയ്പുകളാണ് കോണ്‍ഗ്രസിനേറ്റ തോല്‍വിയുടെ പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട് അടിവരയിടുന്നത്. കെ.പി.സി.സി ഭാരവാഹികളടക്കമുള്ള നേതാക്കള്‍ സ്ഥാനാര്‍ത്ഥികളെ തോല്പിക്കാനുള്ള ശ്രമങ്ങളില്‍ പങ്കാളികളായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേതാക്കളുടെ പാര്‍ലമെന്ററി വ്യാമോഹവും, സംഘടനയെ ചലിപ്പിക്കുന്നതിലെ താല്പര്യക്കുറവുമാണ് നേതാക്കളുടെ കാലുവാരലിനു പിന്നിലെന്നാണ് കണ്ടെത്തല്‍. അതിനാല്‍ തന്നെ, പാര്‍ട്ടിയില്‍ സംഘടനാ അച്ചടക്കം ശക്തിപ്പെടുത്തണമെന്ന് കെ.എ.ചന്ദ്രന്‍ അദ്ധ്യക്ഷനായ തെക്കന്‍ മേഖലാ സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഭാരവാഹികളെ നിശ്ചയിക്കുന്നതാണ് തിരിച്ചടിക്ക് വഴിവയ്ക്കുന്ന മറ്റൊരു കാര്യമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിവും മെറിറ്റുമുള്ള പ്രവര്‍ത്തകര്‍ തഴയപ്പെടുന്നത് സംഘടനാപരമായ പാളിച്ചയിലേക്ക് നയിക്കുന്നുവെന്നും, ഗ്രൂപ്പ് താല്‍പര്യങ്ങള്‍ മാറ്റിവച്ച് താഴെത്തട്ടില്‍ ജനകീയാടിത്തറയുള്ള പ്രവര്‍ത്തകരെ നേതൃനിരയിലെത്തിക്കണം. സംഘടനാ അച്ചടക്കം ഊട്ടിയുറപ്പിക്കുന്നതിന് പാര്‍ട്ടി സ്‌കൂളുകള്‍ സജീവമാക്കണം, പാര്‍ട്ടി ഫണ്ടിംഗില്‍ സുതാര്യത ഉറപ്പാക്കണം, പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളുടെയും പ്രവര്‍ത്തനത്തിന് ഏകീകൃത സ്വഭാവം വേണമെന്നും റിപ്പോര്‍ട്ടുകളില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.