കേന്ദ്രം നിര്‍ദേശിച്ച ഇടവേളയില്‍ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ 1.6 കോടി ! കണക്കുകള്‍ പുറത്ത്

covid

ന്യൂഡല്‍ഹി: രാജ്യത്തെ വാക്‌സിനേഷന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച 16 ആഴ്ച ഇടവേളയില്‍ രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ 1.6 കോടിയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പത്രകുറിപ്പിലാണ് ഇത് സംബന്ധിച്ച വിവരം നല്‍കിയിരിക്കുന്നത്.

മേയ് 2 വരെ ആദ്യ ഡോസ് എടുത്തവരുടേയും അതിനു ശേഷം ഇതു വരെ രണ്ടാം ഡോസ് എടുത്തവരുടേയും കണക്കുകള്‍ താരതമ്യം ചെയ്തപ്പോഴാണ് അതില്‍ 1.6 കോടിയുടെ വ്യത്യാസം കണ്ടെത്തുന്നത്. രണ്ടാം ഡോസ് കൃത്യമായ ഇടവേളയില്‍ എടുക്കാന്‍ പറ്റാത്തവരില്‍ മുതിര്‍ന്ന പൗരന്മാരും, ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള മുന്‍ഗണന പട്ടികയിലുള്ളവരും 45 വയസിനു മുകളില്‍ പ്രായമുള്ളവരും ആണ് കൂടുതല്‍ ഉള്‍പ്പെടുന്നത്.

നേരത്തെ, കേന്ദ്ര സര്‍ക്കാര്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ തമ്മില്‍ 16 ആഴ്ച വരെ ഇടവേളയാകാം എന്ന് അറിയിച്ചിരുന്നു. അതേസമയം മറ്റൊരു കൊവിഡ് വാക്‌സിനായ കൊവാക്‌സിന്റെ ഇടവേള നാലു മുതല്‍ ആറ് ആഴ്ച വരെ മാത്രമാണ്. ഇന്ത്യയില്‍ നല്‍കിയിട്ടുള്ളതില്‍ 85 ശതമാനം ഡോസുകളും കൊവിഷീല്‍ഡ് വാക്‌സിനുകളാണ്.

കൊവാക്‌സിന്റെ ഡോസുകള്‍ തമ്മിലുള്ള ഇടവേള വളരെ കുറവായതിനാലും കൊവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവരെ വച്ച് കണക്കുകള്‍ കൂട്ടിയതിനാലും രണ്ടാം ഡോസ് വാക്‌സിന്‍ ലഭിക്കാത്തവരുടെ കണക്കുകള്‍ ഇതിലും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.