ആലപ്പുഴ: മന്ത്രി സജി ചെറിയാന്‍ എത്തുന്ന പാര്‍ട്ടി പരിപാടികളില്‍ നിന്നും ഒഴിവാക്കുന്നതില്‍ സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കാന്‍ എം.എല്‍.എയും ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ പി.പി ചിത്തരഞ്ജന്‍ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
ആലപ്പുഴ മണ്ഡലത്തില്‍ സി.പി.എം. ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയുടെ നോട്ടിസില്‍ നിന്നും സ്ഥലം എം.എല്‍.എയും ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ പി.പി ചിത്തരഞ്ജനെ ഒഴിവാക്കിയത് ചൂണ്ടിക്കാട്ടിയാണ് വിവാദങ്ങള്‍ ഉയര്‍ന്നുവരുന്നത്. മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ആദരിക്കുകയും വിദ്യാര്‍ഥികളെ അനുമോദിക്കുകയും ചെയ്യുന്ന പരിപാടിയില്‍ മന്ത്രി സജി ചെറിയാനെ ഉദ്ഘാടനകനായി നിശ്ചയിച്ചപ്പോഴാണ് പി.പി ചിത്തരഞ്ജനെ ഒഴിവാക്കി നോട്ടീസ് അടിച്ചത്.
മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവായ എം.എല്‍.എയ്ക്ക് അതുമായി ബന്ധപ്പെട്ട പരിപാടി ഉണ്ടെന്നായിരുന്നു പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ മന്ത്രി സജി ചെറിയന്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ നിന്നും ചിത്തരഞ്ജനെ മനപൂര്‍വ്വം ഒഴിവാക്കുന്നുവെന്നാണ് ആക്ഷേപം ഉയര്‍ന്നത്. അടുത്തിടെ നടന്ന മൂന്ന് പരിപാടികളില്‍ നിന്നും ഇത്തരത്തില്‍ ഒഴിവാക്കിയത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരുന്നു.
പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കൊമ്മാടി ലോക്കല്‍ കമ്മിറ്റിയുടെ പരിപാടിയില്‍ എം.എല്‍.എ പങ്കെടുത്തെങ്കിലും പത്തോളം ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ ചടങ്ങ് ബഹിഷ്‌കരിച്ചു. ലോക്കല്‍ കമ്മിറ്റിയുടെ നിയന്ത്രണം മൂന്ന് വ്യക്തികളില്‍ മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം ബഹിഷ്‌കരണ പ്രതിഷേധം നടത്തിയത്.
ആലപ്പുഴ ജില്ലയിലെ സി.പി.എമ്മിലുണ്ടായ വിഭാഗീയപ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യമാണ് ഇതില്‍ നിന്നും വെളിപ്പെടുന്നത്.