വാട്സാപ്പിലൂടെ ഇനി മിനിട്ടുകള്‍ക്കുള്ളില്‍ കോവിഡ് വാക്സിന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാം

ന്യൂഡല്‍ഹി: കോവിഡ് വാക്സിനായുള്ള സ്ലോട്ടുകള്‍ ഇനി മുതല്‍ വാട്സാപ്പിലൂടെയും ബുക്ക് ചെയ്യാന്‍ കഴിയും. ഏറെ ആശ്വാസകരമാവുന്ന ഈ സൗകര്യം ഏര്‍പ്പെടുത്തിയതായി ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ അറിയിച്ചത്.

മിനിട്ടുകള്‍ക്കുള്ളില്‍ ഇനിമുതല്‍ വാക്സിന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാനാകുമെന്ന് വാട്സാപ്പ് സൗകര്യം ഏര്‍പ്പെടുത്തിയ വിവരം ചൂണ്ടിക്കാണിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ഈ വര്‍ഷത്തോടു കൂടി വാക്സിനേഷന്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാട്സാപ്പ് ഉപയോഗിച്ച് സ്ലോട്ട് ബുക്ക് ചെയ്യുന്നതിലൂടെ കൂടുതല്‍ വേഗത്തില്‍ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സാമൂഹ്യ മാധ്യമമെന്ന നിലയിലാണ് വാട്സാപ്പ് മുഖേനയും സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാക്സിന്‍ സര്‍ട്ടിഫിക്കേറ്റ് വാട്സാപ്പ് വഴി ലഭ്യമാക്കുന്നതിനുള്ള സൗകര്യവും നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു.