മലബാര്‍ സമര നേതാക്കളെ ഒഴിവാക്കിയത് ഹിന്ദുത്വരാഷ്ട്ര നിര്‍മിതിയിലേക്കുള്ള വഴിയൊരുക്കാന്‍; ശക്തമായി പ്രതിഷേധിക്കുമെന്ന് പോപ്പുലര്‍ ഫ്രണ്ട്

തിരുവനന്തപുരം: മലബാര്‍ സമര നേതാക്കളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ല്യാര്‍ ഉള്‍പെടെ 387 രക്തസാക്ഷികളെ സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വിമര്‍ശനവുമായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. ചരിത്രത്തെ തിരുത്തിയെഴുതിയും ഭരണഘടനയെ തള്ളിപ്പറഞ്ഞും ഹിന്ദുത്വരാഷ്ട്ര നിര്‍മിതിയിലേക്കുള്ള വഴിയൊരുക്കുകയാണ് ആര്‍ എസ് എസും ബിജെപിയുമെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ്‌റ് സി അബ്ദുല്‍ ഹമീദ് കുറ്റപ്പെടുത്തി. ഇതിന്റെ ഭാഗമായാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് (ഐ.സി.എച്ച്.ആര്‍) തയാറാക്കിയ സ്വാതന്ത്ര്യസമര രക്തസാക്ഷി നിഘണ്ടുവില്‍നിന്ന് വാരിയംകുന്നത്ത്, ആലി മുസ്‌ല്യാര്‍ ഉള്‍പ്പടെ 387 രക്തസാക്ഷികളെ ഒഴിവാക്കാനുള്ള നീക്കമെന്നും അബ്ദുല്‍ ഹമീദ് ചൂണ്ടിക്കാട്ടി.

രാജ്യത്തെ സ്വാതന്ത്യസമര പോരാട്ടങ്ങളിലെ സുപ്രധാന ഏടുകളിലൊന്നാണ് 1921ലെ മലബാര്‍ സമരം. മലബാര്‍ കേന്ദ്രീകരിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയവരാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ആലി മുസ്‌ല്യാരും. അന്ധമായ മുസ്ലിം വിരോധത്താല്‍ ഈ ചരിത്രസത്യത്തെ വക്രീകരിക്കാന്‍ ഏറെക്കാലമായി ആര്‍എസ്എസ് പണിയെടുക്കുകയാണ്. ഈ നീക്കത്തിന്റെ തുടര്‍ച്ചയാണ് ഐസിഎച്ച്ആര്‍ നിര്‍ദ്ദേശം. ആര്‍എസ്എസുകാര്‍ കാലങ്ങളായി ഉയര്‍ത്തുന്ന അതേ വാദങ്ങളാണ് ഐസിഎച്ച്ആറും നിരത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മാത്രമല്ല, അധികാരം കിട്ടിയതോടെ സകലമേഖലകളിലും ആര്‍എസ്എസ് സഹയാത്രികരെ കുടിയിരുത്തി ഹിന്ദുത്വ അജണ്ട നടപ്പാക്കുകയാണ് ബിജെപി സര്‍ക്കാര്‍. ഇതേ അജണ്ടയുടെ ഭാഗമാണ് ചരിത്രത്തെ വളച്ചൊടിച്ചുള്ള ഐ.സി.എച്ച്.ആര്‍ നിര്‍ദേശമെന്നതില്‍ സംശയമില്ല. ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കി സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവരാണ് ആര്‍എസ്എസിന്റെ ആചാര്യന്‍മാര്‍. ഇവരുടെ പാത പിന്തുടര്‍ന്ന് ഹിന്ദുത്വ രാഷ്ട്രമെന്ന സ്വപ്നം കാണുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ സര്‍ട്ടിഫിക്കറ്റ് രാജ്യത്തെ യഥാര്‍ത്ഥ സ്വാതന്ത്ര്യ സമര പോരാളികള്‍ക്ക് ആവശ്യമില്ല. രാഷ്ട്രപിതാവിനെ പോലും വെടിവച്ച് കൊന്ന ഇക്കൂട്ടര്‍ക്ക് എന്ത് ചരിത്രബോധമാണ് ഉള്ളത്.

സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഏഴയലത്ത് പോലും വരാത്തവരുടെ പിന്‍മുറക്കാരാണ് ഇന്ന് രാജ്യസ്‌നേഹം പഠിപ്പിക്കുന്നത്. രാജ്യത്തിന്റെ ചരിത്രം വളച്ചൊടിക്കുകയും സ്വാതന്ത്ര്യത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ചവരെ അപകീര്‍ത്തിപ്പെടുത്താനുമുള്ള ചരിത്രനിഷേധികളുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും അബ്ദുല്‍ ഹമീദ് ആഹ്വാനം ചെയ്തു.