കൊച്ചി: ലക്ഷദ്വീപില്‍ സര്‍ക്കാര്‍ വക ഭൂമിയുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ദ്വീപ് നിവാസികള്‍. ഉത്തരവിനെ കുറിച്ച് വ്യക്തതയില്ലെന്നും, തലമുറകളായി കൃഷിക്കും താമസത്തിനും ഉപയോഗിക്കുന്ന ഭൂമി നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ടെന്നുമാണ് ദ്വീപ് നിവാസികള്‍ പറയുന്നത്.
വിവിധ ദ്വീപുകളിലായി ജനങ്ങള്‍ കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമിയുടെ വ്യക്തമായ കണക്കെടുക്കാനാണ് ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൊതുജന ക്ഷേമപദ്ധതികള്‍ക്ക് നല്‍കിയ ഭൂമി ഒഴികെയുള്ള സര്‍ക്കാര്‍ ഭൂമിയെല്ലാം തിരിച്ചു പിടിക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
കവരത്തി, ആന്ത്രോത്ത് മിനിക്കോയി അഗത്തി, കല്‍പ്പേനി തുടങ്ങിയ ദ്വീപുകളിലാണ് സര്‍ക്കാര്‍ഭൂമി അധികമായും ഉള്ളത്. നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്റര്‍ക്കും ഉന്നത അധികാരികള്‍ക്കും സങ്കടഹര്‍ജി നല്‍കാനുള്ള നീക്കത്തിലാണ് ദ്വീപ് നിവാസികള്‍.

