കോവിഡാനന്തരം ജനങ്ങളെ തള്ളിക്കളയരുത് സര്‍ക്കാരേ . . . മാനസിക, ആരോഗ്യ പ്രശ്‌നങ്ങളില്‍ വലയുമ്പോള്‍ പോക്കറ്റ് കീറാന്‍ നോക്കരുത് !

എറണാകുളം: കോവിഡിനേക്കാള്‍ ഭീകരമാണ് പലര്‍ക്കും കോവിഡാനന്തര അവസ്ഥ. ജീവിതശൈലീ രോഗങ്ങള്‍ മുതല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ വരെ കോവിഡിനു ശേഷം കണ്ടുവരുന്നുണ്ട്. ഇത്തരം ഗുരുതര സാഹചര്യത്തിലൂടെ ലോകം കടന്നു പോകുമ്പോള്‍ സര്‍ക്കാരിന്റെ കരുതലാണ് ജനങ്ങളെ ജീവിതത്തില്‍ പിടിച്ചു നിര്‍ത്തുന്നത്.

കോവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സ അനുവദിക്കുന്ന കേരള സര്‍ക്കാര്‍ കോവിഡാനന്തരം ജനങ്ങളെ തള്ളിക്കളയുന്നതില്‍ പ്രതിഷേധം ശക്തമാവുകയാണ്. കോവിഡ് മഹാമാരിയുടെ പിടിയില്‍ ആരോഗ്യപരമായും സാമ്പത്തികമായും വലയുന്നവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു സൗജന്യ ചികിത്സ ലഭിക്കുമെന്നുള്ള സാധാരണക്കാരന്റെ ആശ്വാസമാണ് സര്‍ക്കാര്‍ തട്ടിത്തെറിപ്പിച്ചിരിക്കുന്നത്.

പല രോഗികള്‍ക്കും ഐസിയു, വെന്റിലേറ്റര്‍ തുടങ്ങിയവ ആവശ്യമായും വരും. വെന്റിലേറ്ററിന്റെ പ്രതിദിന നിരക്ക് 2000 രൂപയായി ഉയര്‍ത്തുന്നതു സാധാരണക്കാരെ ബാധിക്കും. കോവിഡിനു ശേഷം ശസ്ത്രക്രിയകള്‍ ആവശ്യമായി വരുന്നവരുമുണ്ട്. 4800 രൂപ മുതല്‍ 27500 രൂപ വരെയാണ് ഇതിന്റെ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം, കോവിഡാനന്തര രോഗങ്ങളുടെ ചികിത്സ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സൗജന്യമായി നല്‍കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ.ശിവദാസന്‍ നായര്‍ ആവശ്യപ്പെട്ടു.

കോവിഡ് ചികിത്സയേക്കാള്‍ ചെലവേറിയതാണ് കോവിഡാനന്തര, അനുബന്ധ രോഗങ്ങളുടെ ചികിത്സയെന്നും, സര്‍ക്കാര്‍ ആശുപത്രികളില്‍ റേഷന്‍ കാര്‍ഡിന്റെ നിറം നോക്കാതെ എല്ലാ മനുഷ്യര്‍ക്കും നല്‍കുന്ന സൗജന്യ ചികിത്സ തുടരേണ്ടത് അത്യാവശ്യമാണ്, ലോക്ഡൗണ്‍ കൊണ്ടും സാമ്പത്തിക പ്രയാസങ്ങള്‍ കൊണ്ടും ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പണം നല്‍കി ചികിത്സ എടുക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ്, സര്‍ക്കാര്‍ ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സ തേടുന്ന എപിഎല്‍ വിഭാഗക്കാരില്‍ നിന്നു പണമീടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.