മമത സര്‍ക്കാരിന് തിരിച്ചടി; ബംഗാള്‍ അക്രമത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

കൊല്‍ക്കത്ത: മമത സര്‍ക്കാരിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ബംഗാളിലുണ്ടായ അക്രമങ്ങളില്‍ കല്‍ക്കട്ട ഹൈക്കോടതി സിബിഐ അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്.

കൊലപാതകം, ബലാത്സംഗം, സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ എന്നീ കേസുകളാണ് സിബിഐ അന്വേഷിക്കുക. മറ്റ് കേസുകള്‍ അന്വേഷിക്കാന്‍ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന എസ്.ഐ.ടിയും രൂപീകരിച്ചിട്ടുണ്ട്.

ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സമര്‍പ്പിച്ച വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. കോടതിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം നടക്കുക. ആറാഴ്ചയ്ക്കകം അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവുണ്ട്.

ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.