ചെയ്ത് തന്ന ഉപകാരങ്ങള്‍ക്ക് സോണിയാ ഗാന്ധിക്ക് നന്ദി; കോണ്‍ഗ്രസ് വിടുകയാണെന്ന് സുഷ്മിത ദേവ് !

ന്യൂഡല്‍ഹി: മഹിളാ കോണ്‍ഗ്രസ് ദേശിയ അധ്യക്ഷയും മുന്‍ എം.പിയുമായിരുന്ന സുഷ്മിത ദേവ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കയച്ച കത്തിലാണ് സുഷ്മിത ഇക്കാര്യം അറിയിച്ചത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായുള്ള മൂന്ന് പതിറ്റാണ്ട് നീണ്ട ബന്ധത്തെ വിലമതിക്കുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയതിന് സോണിയ ഗാന്ധിക്കും ഈ യാത്രയുടെ ഭാഗമായ പാര്‍ട്ടിക്കും എല്ലാ നേതാക്കള്‍ക്കും അംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി എന്ന് രാജിക്കത്തില്‍ സുഷ്മിത പറയുന്നു.

എന്നാല്‍, രാജിയുടെ പിന്നിലെ കാരണം സുഷ്മിത വ്യക്തമാക്കിയിട്ടില്ല. പൊതു സേവനത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുന്നു എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

ഇതിനെതുടര്‍ന്ന്, സുഷ്മിത തന്റെ ട്വിറ്റര്‍ ബയോയിലും മാറ്റം വരുത്തിയിട്ടുണ്ട്. മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക, മുന്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ എന്നാണ് നിലവില്‍ ട്വിറ്ററില്‍ സുഷ്മിത നല്‍കിയിരിക്കുന്ന വിവരങ്ങള്‍.

നേരത്തെ, എ.ഐ.യു.ഡി.എഫുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതിനെ സുഷ്മിത എതിര്‍ത്തിരുന്നു. സീറ്റ് വിഭജനത്തോടെ ഭിന്നത കടുത്തു. പ്രിയങ്ക ഗാന്ധി ഇടപെട്ടായിരുന്നു സുഷ്മിത ദേവിനെ അനുനയിപ്പിച്ചത്. അസമിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം സുഷ്മിത കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

ഏഴ് തവണ പാര്‍ലമെന്റ് അംഗമായ സന്തോഷ് മോഹന്‍ ദേവിന്റെ മകളായ സുഷ്മിത അസമിലെ ബരാക് വാലിയില്‍ കോണ്‍ഗ്രസിന്റെ മുഖമായാണ് അറിയപ്പെടുന്നത്.