ലോര്‍ഡ്സ്: ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരത്തിനിടയിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ ഇംഗ്ലണ്ട് ആരാധകരുടെ അതിക്രമങ്ങള്‍. ലോര്‍ഡ്സ് ഗ്രൗണ്ടിലെ മൂന്നാം ദിനത്തില്‍ കെ. എല്‍ രാഹുലിന് നേരെയായിരുന്നു ഇംഗ്ലണ്ട് ആരാധകരുടെ കടന്നുകയറ്റം.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് ബാറ്റിംഗ് പുരോഗമിക്കുന്നതിനിടെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഇന്ത്യന്‍ താരം കെ എല്‍ രാഹുലിനു നേരെ ഇംഗ്ലണ്ട് കാണികള്‍ വൈന്‍ കോര്‍ക്കു കൊണ്ട് എറിഞ്ഞു. ഇംഗ്ലണ്ട് ആരാധകരുടെ ഈ അതിക്രമത്തില്‍ ഫീല്‍ഡിംഗ് ചെയ്യുകയായിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ക്ഷുഭിതനായി.
തുടര്‍ന്ന് താരം രാഹുലിനോട് ഇംഗ്ലണ്ട് ആരാധകര്‍ എറിഞ്ഞ കോര്‍ക്ക് അവര്‍ക്ക് നേരെ തിരിച്ചറിയാനും പറയുന്നുണ്ടായിരുന്നു
രാഹുല്‍ ഫീല്‍ഡ് നില്‍ക്കുന്നതിന് അടുത്തായി അനവധി കോര്‍ക്കുകളായിരുന്നു ഇംഗ്ലണ്ട് കാണികള്‍ എറിഞ്ഞിട്ടത്. ഇംഗ്ലണ്ട് ആരാധകരുടെ പ്രവര്‍ത്തിയില്‍ അതൃപ്തി രേഖപ്പെടുത്തി രാഹുലും കോഹ്ലിയും മറ്റ് ഇന്ത്യന്‍ താരങ്ങളും കളി നിയന്ത്രിച്ചിരുന്ന അമ്പയര്‍മാരായ മൈക്കല്‍ ഗോയിനെയും റിച്ചാര്‍ഡ് ഇല്ലിങ്വര്‍ത്തിനെയും സമീപിച്ചതിനെ തുടര്‍ന്ന് കളി അല്പനേരത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. ഇക്കാര്യത്തില്‍ ഇംഗ്ലണ്ട് ആരാധകര്‍ക്കെതിരെ ഇന്ത്യ പരാതി നല്‍കിയിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം, നോട്ടിങ്ഹാമില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെയും, ആരാധകര്‍ക്ക് നേരെയും ഇംഗ്ലണ്ട് കാണികളില്‍ നിന്ന് വംശീയ അധിക്ഷേപവും, പരിഹാസവും ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

