താലിബാനു മുന്നില്‍ അഫ്ഗാന്‍ അടിയറവ് വെക്കുന്നു . . . അധികാര കൈമാറ്റം ഉടന്‍ !

കാബൂള്‍: കടുത്ത ചെറുത്തുനില്‍പ്പിനൊടുവില്‍ അഫ്ഗാന്‍ ഗവണ്‍മെന്റ് താലിബാനു മുന്നില്‍ പൂര്‍ണമായും അടിയറവ് വെയ്ക്കാനൊരുങ്ങുന്നു. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളും കൂടി താലിബാന്‍ വളഞ്ഞ സാഹചര്യത്തില്‍ അധികാരകൈമാറ്റത്തിന് അധികം താമസമുണ്ടാകില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അഷ്‌റഫ് ഗനിയുടെ രാജിക്ക് ശേഷം താലിബാന്‍ കമാന്‍ഡര്‍ മുല്ല അബ്ദുള്‍ ഗനി ബറാദറെ അഫ്ഗാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോഹിക്കാനാണ് സാധ്യത.

അതേസമയം, അഫ്ഗാനില്‍ അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും, ജനങ്ങള്‍ പരിഭ്രാന്തരാവരുത്, കാബൂള്‍ നഗരത്തില്‍ ആക്രമണങ്ങള്‍ നടക്കില്ലെന്നും സമാധാനപരമായി ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറുമെന്നും ആഭ്യന്തരമന്ത്രി അബ്ദുള്‍ സത്താര്‍ മിര്‍സാക്ക്വല്‍ അറിയിച്ചു. വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

ബലം പ്രയോഗിച്ച് അധികാരം ഏറ്റെടുക്കില്ലെന്നും, സമാധാനപരമായ അധികാരകൈമാറ്റത്തിന് കാത്തിരിക്കുകയാണെന്നും താലിബാന്‍ വക്താക്കളും റോയിട്ടേഴ്‌സിനോട് പ്രതികരിച്ചിട്ടുണ്ട്.

കൂടാതെ, അഫ്ഗാന്‍ സംഭവത്തില്‍ ചര്‍ച്ചയ്ക്കായി യുഎന്‍ രക്ഷാസമിതി ഉടന്‍ യോഗം ചേരുമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സമീര്‍ കാബുലോവിനെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.