മലപ്പുറം: സംഘടനാ നേതാക്കള്‍ ലൈംഗിക അധിക്ഷേപം നടത്തിയെന്ന് എംഎസ്എഫ് വനിതാ വിഭാഗത്തിന്റെ പരാതി പിന്‍വലിപ്പിക്കാന്‍ നീക്കവുമായി മുസ്ലീം ലീഗ്. ഇതിനെ തുടര്‍ന്ന്, വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവറലി ശിഹാബ് തങ്ങള്‍ പരാതിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ അധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടപടി വേണമെന്ന ഉറച്ച നിലപാടിലാണ് ഹരിത നേതാക്കള്‍. ഇതിനിടെ ഹരിത അംഗങ്ങളുടെ പരാതിയില്‍ കോട്ടക്കല്‍ പോലീസ് ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ മൊഴിയെടുത്തു.
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ആരോപണ വിധേയമായ കേസ് വിവാദമായതോടെയാണ് പ്രശ്‌നം പരിഹരിക്കാന്‍ മുസ്ലിം ലീഗ് ഇടപെടുന്നത്. പരാതിക്കാരായ ഹരിത നേതാക്കളോട് പ്രശ്‌നം പരിഹരിക്കാന്‍ രണ്ട് ദിവസത്തെ സമയം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
സംഭവത്തില്‍, ഹരിത നേതാക്കള്‍ നേരത്തെ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ മുസ്ലിം ലീഗ് തയ്യാറായില്ല. ഇതോടെയാണ് എംഎസ്എഫ് വനിതാ സംഘടന ഹരിതയുടെ പ്രസിഡന്റ് മുഫീദ തസ്നിയും, ജനറല്‍ സെക്രട്ടറി നജ്മ തബ്ഷിറയും ഉള്‍പ്പെടെയുള്ളവര്‍ വനിതാ കമ്മീഷനെ സമീപിച്ചത്.
വനിതാ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചതോടെയാണ് പരാതി പിന്‍വലിക്കണമെന്ന ആവശ്യവുമായി ലീഗ് നേതാക്കള്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ സ്ത്രീകള്‍ക്കെതിരെ അധിക്ഷേപം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മുഫിദ തസ്‌നിയുള്‍പ്പെടെയുള്ള വനിതാ നേതാക്കള്‍.
ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ സംസ്ഥാന പ്രസിഡന്റ് പി കെ നവാസും, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും ലൈംഗിക അധിക്ഷേപം നടത്തിയെന്ന് കാട്ടി 10 വനിതാ നേതാക്കളാണ് വനിതാ കമ്മീഷന് പരാതി നല്‍കിയത്.
എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

