തിരുവനന്തപുരം: ആയുധങ്ങളും മയക്കുമരുന്നുമായി വിഴിഞ്ഞം തീരത്ത് ശ്രീലങ്കന്‍ പൗരന്മാര്‍ അറസ്റ്റിലായ കേസില്‍ വ്യാപക പരിശോധന നടത്തി എന്‍.ഐ.എ.കേരളത്തിലും തമിഴ്നാട്ടിലുമായി ഏഴിടങ്ങളിലാണ് എന്‍.ഐ.എ ശക്തമായ പരിശോധനകള്‍ നടത്തിയത്.
അറസ്റ്റിലായ ശ്രീലങ്കന്‍ പൗരന്മാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന എറണാകുളം, തമിഴ്നാട്ടിലെ ചെന്നൈ, തിരുവള്ളൂര്‍ ജില്ലകളിലെ പ്രത്യേക ഇടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
ഇക്കഴിഞ്ഞ മാര്‍ച്ച് 18നാണ് കോസ്റ്റ് ഗാര്‍ഡ് അറബിക്കടലില്‍ നിന്നും ആറ് ശ്രീലങ്കക്കാരെ പിടികൂടിയത്. ഇറാന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് ശ്രീലങ്കയിലേക്ക് ആയുധങ്ങളും ലഹരിമരുന്നുകളും കടത്തുന്ന ഇവരില്‍ നിന്ന് 300 കിലോഗ്രാം ഹെറോയിന്‍, 5 എ.കെ -47 തോക്ക്, 1000 തിരകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു.
ഇതുസംബന്ധിച്ച് വിഴിഞ്ഞം പോലീസ് സ്റ്റേഷനില്‍ ഏപ്രില്‍ അഞ്ചിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. കേസില്‍ ഓഗസ്റ്റ് രണ്ടിന് സുരേഷ്, സുന്ദര്‍രാജന്‍ എന്നിവരെയും എന്‍.ഐ.എ അറസ്റ്റു ചെയ്തിരുന്നു.
ഇവരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ എല്‍.ടി.ടി.ഇയുമായി ബന്ധപ്പെട്ട ബുക്കുകളും മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, ടാബ്ലെറ്റുകള്‍ അടക്കം ഏഴ് ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.

