ന്യൂഡല്‍ഹി: കെപിസിസി, ഡിസിസി പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കും. ഡിസിസി അധ്യക്ഷന്മാരുടെ സാധ്യത പട്ടിക രാഹുല്‍ ഗാന്ധിക്ക് കൈമാറിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അറിയിച്ചു. പട്ടികയില്‍ ആര്‍ക്കും അതൃപ്തിയില്ലെന്നും സുധാകരന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കെപിസിസി അധ്യക്ഷന് പുറമെ പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി. ടി തോമസ്, ടി. സിദ്ദിഖ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ എന്നിവരും രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.
എറണാകുളം ഉള്‍പ്പെടെ ഏതാനും ജില്ലകളില്‍ ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക ഒറ്റപ്പേരിലേക്ക് എത്തിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും നേതാക്കള്‍ അന്തിമ ഘട്ട ചര്‍ച്ച നടത്തും.
ഈ മാസം അവസാനത്തോടെ അന്തിമ പട്ടിക ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും. പ്രകടനമികവ് അടിസ്ഥാനമാക്കിയാവണം തിരഞ്ഞെടുപ്പെന്നും യുവാക്കളുടെയും സ്ത്രീകളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിട്ടുണ്ടെന്നും സുധാകരന്‍ അറിയിച്ചു.
തിരുവനന്തപുരത്ത് ശബരിനാഥ് അടക്കമുള്ളവര്‍ ഡിസിസി അധ്യക്ഷ സ്ഥാനത്തുണ്ട്. തൃശൂരില്‍ പത്മജാ വേണുഗോപാലിനേയും പരിഗണിക്കുന്നു. പാലക്കാട് വിടി ബല്‍റാമിനാണ് സാധ്യത കൂടുതല്‍. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ ഒന്നിലേറെ പേരും പരിഗണനയിലുണ്ട്. മലപ്പുറത്ത് എപി അനില്‍കുമാറിന് സാധ്യതയുണ്ടെങ്കിലും, എ ഗ്രൂപ്പ് ആര്യാടന്‍ ഷൗക്കത്തിന് വേണ്ടിയാണ് വാദിക്കുന്നത്. ആലപ്പുഴയിലും എറണാകുളത്തുമെല്ലാം പൊട്ടിത്തെറിയുണ്ടാകാതെ പട്ടിക പ്രഖ്യാപിക്കാനാണ് സുധാകരന്റെ ശ്രമം.
കെപിസിസി, ഡിസിസി ഘടകങ്ങളിലേക്ക് ഇരു ഗ്രൂപ്പുകളും സ്വന്തം പട്ടികകള്‍ സംസ്ഥാന നേതൃത്വത്തിനു നല്‍കിയിട്ടുണ്ട്. ഗ്രൂപ്പുകള്‍ക്കു പൂര്‍ണമായി വഴങ്ങില്ലെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ഗ്രൂപ്പുകളെ പിണക്കാതെ, അഭിപ്രായ സമന്വയത്തിലൂടെയും സാമുദായിക സന്തുലനം ഉറപ്പാക്കിയും അന്തിമ പട്ടിക തയാറാക്കാനാണു ശ്രമം. 14 ഡിസിസികളിലും പ്രസിഡന്റുമാരായി നിലവില്‍ ഒന്നിലധികം പേരുകള്‍ പരിഗണനയിലുണ്ട്.

