ന്യൂഡല്‍ഹി: രാജ്യത്തെ വാഹനം പൊളിക്കല്‍ നയത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ നയം അനുസരിച്ച് സ്വകാര്യ വാഹനങ്ങള്‍ പരമാവധി 20 വര്‍ഷവും, വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ 15 വര്‍ഷവും വരെ മാത്രമേ നിരത്തിലിറക്കാവൂ.
ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാകും പുതിയ വാഹനം പൊളിക്കല്‍ നയമെന്ന് ഗുജറാത്തില്‍ നടക്കുന്ന നിക്ഷേപക ഉച്ചകോടിയില്‍ നയം പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
പൊളിക്കല്‍ നയത്തിലൂടെ രാജ്യത്ത് വരുന്ന 25 വര്‍ഷക്കാലം വലിയ മാറ്റങ്ങളുടേതാണെന്നും പ്രധാനപ്പെട്ട കാലയളവാണിതെന്നും, നിരവധിയാളുകള്‍ക്ക് ജോലി ലഭിക്കുന്നതിനും രാജ്യത്തിന് 10000 കോടിയുടെ അധികനേട്ടമുണ്ടാക്കാനും പദ്ധതി ഇടയാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
കൂടാതെ, പുതിയ നയത്തിലൂടെ ഇന്ത്യന്‍ വാഹന വ്യവസായത്തില്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കുമെന്നും, വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞാല്‍, നിര്‍ബന്ധമായും ഫിറ്റ്‌നസ് ടെസ്റ്റ് ആവശ്യമാണെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വിശദീകരിച്ചു.
മാത്രമല്ല, വാഹനം പൊളിക്കുന്നത് വഴി വാഹനത്തിന്റെ എക്‌സ്-ഷോറൂം വിലയുടെ 4-6% വരെയുള്ള പൊളിക്കല്‍ മൂല്യം ഉടമയ്ക്ക് നല്‍കും, റോഡ് നികുതിയില്‍ 25% വരെ ഇളവ് ലഭിക്കും, പൊളിക്കല്‍ സര്‍ട്ടിഫിക്കറ്റിനെതിരെ പുതിയ വാഹനങ്ങള്‍ക്ക് 5% കിഴിവ് നല്‍കാന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കും, വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസും ഉണ്ടായിരിക്കില്ലെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിട്ടുണ്ട്.
നയം എന്ന് പ്രാബല്യത്തില്‍ വരുമെന്നതിനെക്കുറിച്ച് ധാരണയൊന്നുമില്ലെങ്കിലും, 2023 മുതല്‍ ഫിറ്റ്‌നസ് സംബന്ധിച്ച് നിലവിലുള്ള നിയമ പ്രകാരമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ വലിയ വാണിജ്യ വാഹനങ്ങള്‍ പൊളിക്കേണ്ടി വരുമെന്നും, സ്വകാര്യ വാഹനങ്ങളുടെ കാര്യത്തില്‍ 2024 ജൂണ്‍ മുതല്‍ ഈ നയം പ്രാബല്യത്തില്‍ വരുത്താനാണ് ആലോചിക്കുന്നതെന്നും, കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ സെക്രട്ടറി ഗിരിധര്‍ അരാമനെ പറഞ്ഞിട്ടുണ്ട്.
പാശ്ചാത്യ രാജ്യങ്ങളില്‍ പഴക്കം ചെന്ന വാഹനങ്ങള്‍ പൊളിച്ച് അത് നിര്‍മിക്കാന്‍ ഉപയോഗിച്ച സ്റ്റീല്‍ പുനരുപയോഗം ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇന്ത്യയില്‍ പഴക്കം ചെന്ന മിക്ക വാഹനങ്ങളും പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കിക്കൊണ്ട് തുടര്‍ന്നും നിരത്തുകളില്‍ ഓടുകയോ പാതയോരങ്ങളില്‍ ഉപേക്ഷിച്ച നിലയില്‍ കിടക്കുകയോ ചെയ്യുകയാണ് പതിവ്. പുതിയ നയം എത്തുന്നതോടെ ഈ രീതിയില്‍ വിപ്ലവകരമായ മാറ്റം തന്നെയാണ് ഇന്ത്യ കാണുവാന്‍ പോകുന്നത്.

