സര്‍വ്വീസ് നിര്‍ത്തിയത്‌ ആയിരക്കണക്കിന് ബസുകള്‍ ! സ്വകാര്യ-ടൂറിസ്റ്റ് ബസുകള്‍ക്ക് നികുതി ഒഴിവാക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെയും, ടൂറിസ്റ്റ് ബസുകളുടെയും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള നികുതി ഒഴിവാക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഓട്ടോറിക്ഷ, ടാക്സി കാറുകളുടെ നികുതിയില്‍ ആശ്വാസം നല്‍കുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് നിയമസഭയിലാണ് മന്ത്രി അറിയിച്ചത്.

വ്യവസായികള്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ വരെ പലിശരഹിത വായ്പാപദ്ധതി ബസ് ഉടമകള്‍ക്കും ലഭിക്കുമെന്നും, പ്രവര്‍ത്തന മൂലധനമായാണ് ഇത് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

ഓട്ടോ, ടാക്സി എന്നിവയുടെ അവസ്ഥയും ഭിന്നമല്ല. അവര്‍ക്ക് സര്‍വീസ് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ക്കായി രണ്ട് ലക്ഷം രൂപ വരെ നാല് ശതമാനം പലിശയ്ക്ക് നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും, ദുര്‍ഘട ഘട്ടത്തിലൂടെയാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. മോട്ടാര്‍ വാഹന മേഖലയ്ക്ക് വലിയ ബുദ്ധിമുട്ടാണ് കൊവിഡുണ്ടാക്കിയിട്ടുള്ളതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

സ്വകാര്യടൂറിസ്റ്റ് ബസുകള്‍ നാല്പതിനായിരത്തോളമുണ്ടെന്നാണ് കണക്ക്, ഇപ്പോഴത് 14,000 ആയി ചുരുങ്ങി. അതില്‍ തന്നെ 12,000 എണ്ണം മാത്രമേ ടാക്സ് നല്‍കി സര്‍വീസ് നടത്തുന്നുള്ളൂ, പതിനായിരത്തോളം ബസുകള്‍ തങ്ങളുടെ സര്‍വീസ് നിറുത്താനുള്ള അപേക്ഷ നല്‍കിക്കഴിഞ്ഞു. ആ സാഹചര്യം പരിഗണിച്ചാണ് മൂന്ന് മാസത്തെ നികുതി ഒഴിവാക്കിക്കൊടുക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.