മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ചു വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: കോവിഡിനെതിരായ മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ചുകൊണ്ട് വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍.

സാമൂഹ്യ അകലം, മാസ്‌ക്, അടഞ്ഞ മുറികളിലും ഇടങ്ങളിലുമുള്ള ഒത്തുചേരലുകള്‍, കൈകള്‍ വൃത്തിയായി സൂക്ഷിക്കല്‍, പ്രായപൂര്‍ത്തിയായവരിലെ സമ്പൂര്‍ണ വാക്സിനേഷന്‍ എന്നിവ യഥാവിധം നടപ്പിലാക്കിക്കൊണ്ട് വിദ്യാലയങ്ങള്‍ തുറക്കുന്നതിന് മുന്‍ഗണന നല്‍കണമെന്നാണ് ഡോ. സൗമ്യ സ്വാമിനാഥന്‍ തന്റെ ട്വിറ്ററിലൂടെ അറിയിച്ചത്.

മാത്രമല്ല, കോവിഡ് കുട്ടികളില്‍ സൃഷ്ടിച്ച ശാരീരികവും മാനസികവും ചിന്താപരവുമായ ആഘാതം കുറെക്കാലം കൂടി നിലനില്‍ക്കുമെന്നും സൗമ്യ സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടി.

നേരത്തെ, കോവിഡിനെതിരെയുള്ള പ്രതിരോധത്തില്‍ അലംഭാവം വരുത്തുന്നതിനെതിരെ ഡോ. സൗമ്യ സ്വാമിനാഥന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ, കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ വ്യാപകമായി ബാധിക്കും എന്ന ആശങ്കയ്ക്ക് ശാസ്ത്രീയമായ അടിത്തറ ഇല്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.