ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ സംബന്ധിക്കുന്ന ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്‌തെന്നും, അക്കൗണ്ട് മരവിപ്പിച്ചെന്നും ട്വിറ്റര്‍.
രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഞങ്ങളുടെ പോളിസിക്ക് വിരുദ്ധമാണെന്നും, അതുകൊണ്ടുതന്നെ ട്വീറ്റ് നീക്കുകയും, അദ്ദേഹത്തിന്റെ അക്കൗണ്ട് ലോക്ക് ചെയ്യുകയും ചെയ്തുവെന്ന് ട്വിറ്റര്‍ ഇന്ത്യ അറിയിച്ചു. രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കേസില്‍ ദില്ലി ഹൈക്കോടതിയിലാണ് ട്വിറ്റര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മാത്രമല്ല, പരാതിക്കാരന്‍ കേസിലേക്ക് അനാവശ്യമായി ട്വിറ്ററിനെ വലിച്ചിഴച്ചതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കേസ് പരിഗണിക്കുന്നത് കോടതി സെപ്റ്റംബര്‍ 27ലേക്ക് മാറ്റിയിട്ടുണ്ട്.
ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതിനാണ് മകരന്ദ് സുരേഷ് മദ്ലേകര്‍ എന്നയാള്‍ പരാതി കൊടുത്തത്. രാഹുല്‍ ഗാന്ധിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

