പ്രണയം നിരസിച്ചതിന് പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കടുത്ത ശിക്ഷ, സ്ത്രീധന വിവാഹങ്ങളില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോതമംഗലം നെല്ലിക്കുഴിയില്‍ ബി.ഡി.എസ് വിദ്യാര്‍ത്ഥിനി മാനസയെ വെടിവെച്ചുകൊന്ന സംഭവത്തെ മുന്‍നിര്‍ത്തിയാണ് നിയമസഭയില്‍ മുഖ്യമന്ത്രി സംസാരിച്ചത്.

പ്രണയാഭ്യര്‍ത്ഥന നിരസിക്കപ്പെടുന്നതിന്റെ പേരിലോ, പ്രണയ ബന്ധങ്ങളില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ കാരണമോ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്ന നിരവധി സംഭവങ്ങളാണ് ഈയടുത്ത കാലത്തായി സംസ്ഥാനത്തുണ്ടായതെന്നും, പുതിയ നിയമ നിര്‍മ്മാണത്തിന് അതിര്‍വരമ്പുകളുണ്ടെന്നതിനാല്‍ നിലവിലെ നിയമം കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, ഓണ്‍ലൈന്‍ ബന്ധങ്ങളുടെ മറവില്‍ പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്താന്‍ ശ്രമം നടക്കുന്നുണ്ട്. വ്യജാമായി ഉണ്ടാക്കുന്ന ഐ.ഡികളിലുള്ളവരെ കണ്ടെത്താന്‍ പ്രയാസമാണ്. കുട്ടികളെ അടച്ചിട്ട മുറികളില്‍ ഓണ്‍ലൈന്‍ ചാറ്റിംഗിന് അനുവദിക്കരുതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, സ്ത്രീധനത്തിനെതിരെ കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. സംസ്ഥാനത്തെ സ്ത്രീധനം നല്‍കിയുള്ള വിവാഹങ്ങളെ ഒറ്റപ്പെടുത്തണമെന്നും, സ്ത്രീധനത്തിനെതിരെ സാമൂഹികമായി ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുവരണമെന്നും, ജനപ്രതിനിധികള്‍ അത്തരം വിവാഹങ്ങളില്‍ പങ്കെടുക്കരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.