എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കിന് പണികിട്ടും ! പിഴ ഈടാക്കാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

ന്യൂഡല്‍ഹി: യഥാസമയം പണം നിറയ്ക്കാതെ എ.ടി.എം കാലിയായിക്കിടന്നാല്‍ ബാങ്കുകള്‍ക്ക് പിഴ ഈടാക്കാന്‍ തീരുമാനിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. എ.ടി.എമ്മില്‍ പണം ലഭ്യമല്ലാത്തു മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് ഒക്ടോബര്‍ ഒന്ന് മുതല്‍ പിഴ ചുമത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്ത് വിവിധ ബാങ്കുകളുടെ 2,13,766 എ.ടി.എമ്മുകളാണ് ഉള്ളത്. ഇതില്‍, പ്രവര്‍ത്തന രഹിതമായി കിടക്കുന്ന എ.ടി.എമ്മുകളെ കുറിച്ച് അവലോകനം നടത്തിയെന്നും യഥാസമയം പണം നിറയ്ക്കാത്തത് മൂലം പൊതുജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്താണ് നടപടിയെന്നും ആര്‍.ബി.ഐ അറിയിച്ചു.

ബാങ്കുകള്‍, എ.ടി.എം ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ എ.ടി.എമ്മുകളിലെ പണത്തിന്റെ അവസ്ഥ നിരീക്ഷിക്കണമെന്നും, പണമുണ്ടെന്ന് ഉറപ്പു വരുത്താന്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും ആര്‍.ബി.ഐ പറയുന്നു. ഇതുമായി ബന്ധപ്പെട്ട ലംഘനങ്ങളെ ഗൗരവത്തോടെ സമീപിക്കുമെന്നും പിഴ ഈടാക്കുമെന്നും ആര്‍.ബി.ഐ വ്യക്തമാക്കി.

മാസത്തില്‍ പത്തുമണിക്കൂറില്‍ കൂടുതല്‍ സമയം എ.ടി.എം കാലിയായി കിടന്നാല്‍ പതിനായിരം രൂപയാണ് പിഴ. വൈറ്റ് ലേബല്‍ എ.ടി.എമ്മുകളുടെ കാര്യത്തില്‍ ഡബ്ല്യു.എല്‍.എയ്ക്ക് പണം നല്‍കുന്ന ബാങ്കിനാണ് പിഴ ചുമത്തുക. ബാങ്കിന് അതിന്റെ വിവേചനാധികാരത്തില്‍ ഡബ്ല്യു.എല്‍.എ ഓപ്പറേറ്ററില്‍ നിന്ന് പിഴപ്പണം ഈടാക്കുകയും ചെയ്യാം.