കോഴിക്കോട്: സംസ്ഥാനത്ത് അനധികൃതമായി നടത്തിയിരുന്ന സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ മുഖ്യ സാമ്പത്തിക സ്രോതസ് കുഴല്‍പ്പണമായിരുന്നെന്ന് പോലീസ്. പ്രതികള്‍ക്ക് പാകിസ്ഥാന്‍ പൗരനുമായും ബന്ധം ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദുബായില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള പാകിസ്ഥാന്‍ പൗരനാണ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുവാന്‍ ഉപയോഗിച്ചിരുന്ന കുഴല്‍പ്പണത്തിന്റെ മുഖ്യ സ്രോതസെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. മുഖ്യപ്രതി ഇബ്രാഹിമിന്റ ലാപ്‌ടോപ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം മനസ്സിലാക്കിയതെന്നും പോലീസ് പറഞ്ഞു
ഒന്നരകോടിയോളം രൂപയുടെ ഉപകരണങ്ങളാണ് ഇത്തരം സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടി മലപ്പുറം സ്വദേശിയായ ഇബ്രാഹിം രാജ്യത്തിന്റെ പല ഭാഗത്തും വിതരണം ചെയ്തത്. ഈ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് മാസം തോറും 80,000 രൂപയായിരുന്നു ശമ്പളമായി നല്‍കിയിരുന്നത്.
ഇബ്രാഹിമിന്റെ അനധികൃത പ്രവര്‍ത്തനത്തിനായുള്ള പണസ്രോതസ്സ് എവിടെ നിന്നാണെന്ന് അന്വേഷിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കുഴല്‍പ്പണം ഇടപാട് പുറത്തുവരുന്നത്. നേരത്തെ, രാമനാട്ടുകര സ്വര്‍ണക്കടത്ത് സംഘം ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്നതും സമാന്തര ടെലിഫോണ്‍ സംവിധാനം ആയിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സംഘം രാജ്യവ്യാപകമായി പ്രവര്‍ത്തനം നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. കേരളത്തില്‍ കോഴിക്കോട്, മലപ്പുറം, കൊരട്ടി, കൊച്ചി എന്നിവിടങ്ങള്‍ക്ക് പുറമേ, ഡല്‍ഹി, നോയിഡ, ഹൈദരാബാദ്, ബെംഗളൂരു, എന്നിവിടങ്ങളിലെല്ലാം സമാന്തര എക്സ്ചേഞ്ചുകള്‍ സ്ഥാപിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.

