റേഷന്‍ വാങ്ങാന്‍ പോലും നടക്കേണ്ടത് കിലോമീറ്ററുകള്‍; പെട്ടിമുടി ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ സര്‍ക്കാരിനോടു കോടതി വിശദീകരണം തേടി

കൊച്ചി: പെട്ടിമുടി ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരെ സര്‍ക്കാര്‍ പുനരധിവസിപ്പിച്ചിരിക്കുന്നത് വാസയോഗ്യമായ സ്ഥലത്തല്ലെന്നു ചൂണ്ടിക്കാണിച്ച് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി.

നേരത്തെ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് 32 കിലോമീറ്റര്‍ ഉള്ളിലേക്കാണ് വീടു നിര്‍മിച്ചു നല്‍കിയിരിക്കുന്നതെന്നും, റേഷന്‍ വാങ്ങാന്‍ പോലും കിലോമീറ്ററുകളോളം കാല്‍നടയായി പോകേണ്ട സാഹചര്യമാണുള്ളതെന്നുമാണ് ഹര്‍ജിയില്‍ പ്രധാനമായും ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

മാത്രമല്ല, കണ്ണന്‍ദേവന്‍ കമ്പനിയുടെ കൈവശമുള്ള മിച്ചഭൂമിയില്‍ വീടു വയ്ക്കാന്‍ സ്ഥലം നല്‍കണം എന്ന ആവശ്യവും പെട്ടിമുടി ദുരന്തബാധിതര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ദുരന്ത സ്ഥലത്തു നിന്നു 17 കിലോമീറ്റര്‍ ദൂരത്തുള്ള മൂന്നാറില്‍ നിന്നു ഒരു മണിക്കൂറിനുള്ളില്‍ ദുരന്തനിവാരണ സേനയ്ക്ക് എത്താമായിരുന്നിട്ടും 12 മണിക്കൂറുകള്‍ക്കു ശേഷമാണ് ഇവര്‍ എത്തിയതെന്നും, ദുരന്ത നിവാരണ സേന എത്താന്‍ വൈകിയതാണ് ഇത്രയും ആളുകള്‍ മരിക്കാനിടയായതെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

അതേസമയം, എട്ടു പേര്‍ക്ക് വീടു നിര്‍മിച്ചു നല്‍കിയിട്ടുണ്ടെന്നും, ആറു പേര്‍ക്കു പട്ടയവും നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം കേട്ട കോടതി ഇതു സംബന്ധിച്ചു വിശദമായ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോടു നിര്‍ദേശിച്ചു.

ഷണ്‍മുഖനാദന്‍, ആര്‍ മഹേന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഒന്‍പതു പേരും, കണ്ണന്‍ ദേവന്‍ ഹില്‍ ഡെവലപ്പ്മെന്റ് ആന്റ് വെല്‍ഫയര്‍ സൊസൈറ്റിക്കുവേണ്ടി സെക്രട്ടറി കെ. സേതു രാമനുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

2020 ഓഗസ്റ്റ് ആറിനാണ് പെട്ടിമുടിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നു 14 കുട്ടികളുള്‍പ്പെടെ 70 പേര്‍ മരിച്ചത്.