എറണാകുളം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിശ്ചലമായിരുന്ന സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും ഉണരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സഞ്ചാരികള്‍ക്കായി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു തുടങ്ങി.
ഹോട്ടലുകളും, റിസോര്‍ട്ടുകളും, ഹോംസ്റ്റേകളുമെല്ലാം അണുനശീകരണം നടത്തി യാത്രക്കാരെ വരവേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. രണ്ടാഴ്ച മുന്‍പ് ആദ്യഡോസ് വാക്സീനെങ്കിലും എടുത്തവര്‍, അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍, അതുമല്ലെങ്കില്‍ ഒരു മാസം മുന്‍പ് കോവിഡ് പോസിറ്റീവ് ആയി രോഗമുക്തി നേടിയവര്‍ എന്നിവരെ മാത്രമേ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുകയുള്ളൂ.
കൂടാതെ, ഒരു ഡോസ് വാക്സീനെങ്കിലും എടുത്ത കുടുംബങ്ങള്‍ക്ക് ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
എന്നാല്‍, കേരളത്തിലേക്ക് മറ്റു സ്ഥലങ്ങളില്‍ നിന്നു വിനോദ സഞ്ചാരികള്‍ എത്തിത്തുടങ്ങിയിട്ടില്ല. ഓണത്തോടനുബന്ധിച്ച് എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും സജീവമായേക്കും.

