കൊച്ചി: കോവിഡ് വ്യാപനത്തിനിടയിലും സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകളില്‍ കൂടിവരുന്ന തിരക്കില്‍ വീണ്ടും സര്‍ക്കാറിനെ വിമര്‍ശിച്ച് ഹൈക്കോടതി. പുതുക്കിയ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മദ്യവില്‍പ്പനശാലകള്‍ക്കും ബാധകമാക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.
കടകളില്‍ പോകാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ എന്തുകൊണ്ട് മദ്യവില്‍പ്പന ശാലകളില്‍ ബാധകമാക്കുന്നില്ലെന്നും, മദ്യം വാങ്ങാനെത്തുന്നവരോട് കന്നുകാലികളെപ്പോലെയാണ് പെരുമാറുന്നതെന്നും കോടതി കുറ്റപ്പെടുത്തി.
മാത്രമല്ല, പോലീസ് ബാരിക്കേഡ് സ്ഥാപിച്ചാണ് തിരക്ക് നിയന്ത്രിക്കുന്നതെന്നും, ആള്‍ക്കൂട്ടത്തെ അടിച്ചൊതുക്കുകയാണെന്നും ഇത് നേരിട്ട് കണ്ടെന്നും ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു.
ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ, ആദ്യ ഡോസ് വാക്സീന് എടുത്ത രേഖയോ ബെവ്കോ ഔട്ട്ലെറ്റുകള്‍ക്കും ബാധകമാക്കണം. വാക്സീന് എടുത്തവര്‍ക്കോ ആര്‍ടിപിസിആര്‍ ചെയ്തവര്‍ക്കോ മാത്രമേ മദ്യം വില്‍ക്കുകയുള്ളൂവെന്ന് തീരുമാനിക്കണം. വാക്സീനേഷന് പരമാവധി ആളുകളിലേക്ക് എത്താന്‍ ഇത് ഉപകരിക്കും. മദ്യം വാങ്ങേണ്ടതിനാല്‍ കൂടുതല്‍ ആളുകള്‍ വാക്സീന് എടുക്കും. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നാളെ മറുപടി നല്‍കണമെന്നും, കേസ് നാളെ വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
മുന്‍പും കോടതി മദ്യവില്‍പ്പന ശാലകളിലെ തിരക്കില്‍ ആശങ്ക പ്രകടിപ്പിക്കുകയും സര്‍ക്കാറിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

