തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ തടവുകാര്‍ക്കിടയില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. 3870 തടവുകാര്‍ക്ക് കോവിഡ് ബാധിച്ചതായാണ് കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.
ഏറ്റവും കൂടുതല്‍ തടവുകാര്‍ക്ക് രോഗബാധ ഉണ്ടായിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. 1330 പേര്‍ക്കാണ് ജയിലില്‍ വച്ച് രോഗം കണ്ടെത്തിയത്. പൂജപ്പുര സെന്‍ട്രല്‍ ജയില്‍ കേന്ദ്രീകരിച്ചാണ് രോഗബാധ ഏറ്റവും കൂടുതല്‍ ഉണ്ടായത്.
കൊല്ലം-192, ആലപ്പുഴ- 176, കോട്ടയം- 98 ഇടുക്കി- 83, എറണാകുളം- 328, തൃശ്ശൂര്‍- 434, പാലക്കാട്- 67, മലപ്പുറം- 536, കോഴിക്കോട്- 125, വയനാട്- 24, കണ്ണൂര്‍- 376, കാസര്‍ഗോഡ്- 101, എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കോവിഡ് പോസിറ്റീവ് ആയവര്‍ക്ക് ഐസൊലേഷന്‍ ഏര്‍പ്പെടുത്തിയാണ് ചികിത്സ നല്‍കുന്നത്. ഓരോ ജയിലുകളിലും ഇതിനായി ആവശ്യാനുസരണത്തില്‍ പ്രത്യേകം ആരോഗ്യ പ്രവര്‍ത്തകരെയും വിന്യസിച്ചിട്ടുണ്ട്.
മാത്രമല്ല, കിടത്തി ചികിത്സ ആവശ്യമുള്ള രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്കോ ജില്ലാ ആശുപത്രിയിലേക്കോ മാറ്റി ചികിത്സ നല്‍കി വരികയാണെന്നും, ഓരോ ജയിലിലും അനുവദിച്ചിരിക്കുന്ന ഭക്ഷണത്തിനു പുറമേ രോഗികള്‍ക്ക് പ്രത്യേക പോഷകാഹാരങ്ങള്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളും വിതരണം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
നേരത്തെ തന്നെ, രോഗം പകരുന്നത് മുന്നില്‍ക്കണ്ടുകൊണ്ട് 65 വയസ്സിനു മുകളില്‍ പ്രായമുള്ള ഗുരുതര കുറ്റവാളികള്‍ അല്ലാത്തവരെ പരോള്‍ നല്‍കി വീടുകളിലേക്ക് അയച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും, രോഗം പകരുന്നത് മുന്നില്‍ക്കണ്ട് സന്ദര്‍ശകര്‍ക്ക് അടക്കം കടുത്ത നിയന്ത്രണങ്ങള്‍ എല്ലാ ജയിലുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

