തിരുവനന്തപുരം: കെപിസിസിയിലെ അഴിച്ചുപണികള്‍ അന്തിമ ഘട്ടത്തിലെന്ന് റിപ്പോര്‍ട്ട്. കെപിസിസി പുനസംഘടന ചര്‍ച്ചകള്‍ക്കായി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഈ ആഴ്ച അവസാനം ഡല്‍ഹിക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ഡിസിസി പ്രസിഡന്റുമാരെയാകും ആദ്യം പ്രഖ്യാപിക്കുക. കെപിസിസി ഭാരവാഹികളുടെ എണ്ണം സംബന്ധിച്ച തീരുമാനവും ഉടന്‍ ഉണ്ടായേക്കും.
നേരത്തെ, ഡിസിസി പ്രസിഡന്റുമാരെ നിര്‍ണയിക്കുന്നതുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ഡിസിസി അധ്യക്ഷന്മാരായി പരിഗണിക്കേണ്ടവരുടെ പേരുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.
തിരുവനന്തപുരത്ത് ഡിസിസി പ്രസിഡന്റായി പരിഗണിക്കപ്പെടുന്നത് വിഎസ് ശിവകുമാര്‍, പാലോട് രവി, ശരത്ചന്ദ്ര പ്രസാദ്, ആര്‍ വത്സലന്‍ തുടങ്ങിയവരുടെ പേരുകളാണ്. കൊല്ലത്ത് നിന്നുള്ള പട്ടികയില്‍ എ എം നസീര്‍, ഷാനവാസ് ഖാന്‍ എന്നിവര്‍ക്കാണ് മുന്‍ഗണന.
പി കെ ജയലക്ഷമിയെ വയനാടും പരിഗണിച്ചേക്കും. പാലക്കാട് മുന്‍ എംഎല്‍എ വിടി ബല്‍റാമിന്റെ പേര് പരിഗണനയിലുണ്ടെങ്കിലും, എവി ഗോപിനാഥിനും സാധ്യതയുണ്ട്. തൃശൂര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മുതിര്‍ന്ന നേതാവ് പത്മജ വേണുഗോപാലും ഉള്‍പ്പെട്ടിട്ടുണ്ട്. പത്മജയ്ക്ക് പുറമെ ടി വി ചന്ദ്രമോഹന്റെ പേരും പരിഗണനയിലുണ്ട്.
എന്നാല്‍, എംപിമാരെയോ, എംഎല്‍എമാരെയോ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ ഏകകണ്ഠ തീരുമാനം.

