ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പുതിയ തന്ത്രവുമായി പ്രതിപക്ഷ പാർട്ടികൾ. ഇതിനായുള്ള ശ്രമങ്ങൾ ഊർജിതമായി നടത്തുകയാണ് രാഷ്ട്രീയ നേതാക്കൾ. നീക്കത്തിന്റെ ഭാഗമായി കപിൽ സിബൽ ബിജെപി ഇതര പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. തന്റെ ജന്മദിനത്തിന്റെ ഭാഗമായി കപിൽ സിബൽ പ്രതിപക്ഷ നേതാക്കൾക്കായി അത്താഴ വിരുന്ന് സംഘടിപ്പിച്ചു. 2024-ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ എല്ലാ പ്രതിപക്ഷ പാർട്ടികളും കൈകോർക്കേണ്ടതുണ്ടെന്ന അജണ്ടയിലാണ് അദ്ദേഹം അത്താഴ വിരുന്ന് സംഘടിപ്പിച്ചത്.
എൻസിപി അധ്യക്ഷൻ ശരത് പവാർ, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള, തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ കല്യാൺ ചാറ്റർജി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്, ആർഎൽഡി നേതാവ് ജയന്ത് ചൗധരി, ഡിഎംകെ നേതാവ് തൃച്ചി ശിവ, ബി.ജെ.ഡി നേതാവ് പിനാകി മിശ്ര, ശിവ്സേനാ നേതാവ് സഞ്ജയ് റാവത്ത്, അകാലിദൾ നേതാവ് നരേഷ് ഗുജ്റാൾ, തെലുങ്കുദേശം പാർട്ടിയുടേയും വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടേയും പ്രതിനിധികളും കപിൽ സിബലിന്റെ അത്താഴ വിരുന്നിൽ പങ്കെടുത്തു.
മായാവതിയുടെ ബിഎസ്പി മാത്രമായിരുന്നു ഈ അത്താഴ വിരുന്നിൽ പങ്കെടുക്കാതിരുന്ന പ്രധാന ബിജെപി ഇതര പാർട്ടി. കോൺഗ്രസിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 അംഗ ഗ്രൂപ്പിലെ ഒട്ടുമിക്ക അംഗങ്ങളും ഈ വിരുന്നിൽ പങ്കെടുത്തിരുന്നു. കപിൽ സിബൽ, ഗുലാം നബി ആസാദ്, ഭൂപീന്ദർ സിങ് ഹൂഡ, ശശി തരൂർ, മനീഷ് തിവാരി, പൃഥിരാജ് സിങ് ചൗഹാൻ, ആനന്ദ് ശർമ തുടങ്ങിയ നേതാക്കളാണ് ഗ്രൂപ്പ്-23 യിലുള്ളത്. ഈ നേതാക്കളെല്ലാം അത്താഴ വിരുന്നിനെത്തിയിരുന്നു. പി.ചിദംബരവും മകൻ കാർത്തി ചിദംബരവും മാത്രമായിരുന്നു കബിൽ സിബൽ വിളിച്ച യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾ.

