വ്യക്തിപരമായി നശിപ്പിക്കാൻ ശ്രമിച്ചു; കെ കരുണാകരനെതിരെ ഗുരുതര ആരോപണങ്ങളുമായി ശങ്കരനാരായണന്റെ ആത്മകഥ

പാലക്കാട്: കെ കരുണാകരനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണൻ. കരുണാകരൻ തന്നെ വ്യക്തിപരമായി നശിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ‘അനുപമം ജീവിതം’ എന്ന ആത്മകഥയിലൂടെയാണ് ശങ്കരനാരായണന്റെ വെളിപ്പെടുത്തൽ.

തന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് തടസം നിൽക്കുന്ന ഇടപെടലുകൾ കരുണാകരന്റെ ഭാഗത്തു നിന്നും ഉണ്ടായെന്നാണ് ശങ്കരനാരായണൻ ആത്മകഥയിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് ശങ്കരനാരായണന്റെ ആത്മകഥ പുറത്തിറക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ പുസ്തകം പ്രകാശനം ചെയ്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആത്മകഥയുടെ ആദ്യ പ്രതി ഏറ്റുവാങ്ങി.

1984 ൽ തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ആദ്യം പരിഗണിച്ചിരുന്നത് ശങ്കരനാരായണനെയായിരുന്നു. ഹൈക്കമാന്റ് ഉൾപ്പടെ ഇതിന് അംഗീകാരവും നൽകി. എന്നാൽ കരുണാകരൻ ഇടപെട്ട് ഈ സീറ്റ് പിഎ ആന്റണിയ്ക്ക് നൽകേണ്ടി വന്നതായും ശങ്കരനാരായണൻ വ്യക്തമാക്കി. ശങ്കരനാരായണനു വേണ്ടി ചുവരെഴുത്ത് വരെ നടന്നിരുന്നു. അതിനു ശേഷമാണ് കരുണാകരന്റെ ഇടപെടൽ ഉണ്ടായത്. ‘അപ്രതീക്ഷിതമായിരുന്നു കരണാകരന്റെ നീക്കം. താൻ ഡൽഹിയ്ക്ക് പോയാൽ തന്റെ രാഷ്ട്രീയ മേൽവിലാസം തന്നെ മാറിയേക്കുമെന്ന ഭയപ്പാടായിരിയ്ക്കാം കരുണാകരനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. ഒടുവിൽ പെട്ടിയും തൂക്കി കെ ആർ നാരായണന്റെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കാൻ ഒറ്റപ്പാലത്തേക്ക് മടങ്ങുമ്പോൾ വഴിയോര ചുവരിൽ ‘ കെ ശങ്കരനാരായണൻ നമ്മുടെ സ്ഥാനാർത്ഥി ‘ എന്നെഴുതിക്കണ്ടത് എന്റെ ഉള്ളിലുണ്ടാക്കിയ ദു:ഖം ആർക്കും തിരിച്ചറിയാവുന്നതിനുമപ്പുറമായിരുന്നുവെന്ന്’ ശങ്കരനാരായണൻ തന്റെ ആത്മകഥയിൽ വിവരിക്കുന്നു.

തനിയ്‌ക്കെതിരെ കരുണാകരൻ നടത്തിയ നീക്കങ്ങളോരോന്നും ശങ്കരനാരായണൻ ആത്മകഥയിൽ വിശദമാക്കുന്നുണ്ട്. മറ്റൊരു നേതാവിനുമെതിരെ ഇത്രയേറെ വിമർശനങ്ങൾ അദ്ദേഹം ഉന്നയിച്ചിട്ടില്ല. 1987 ൽ പ്രതിപക്ഷ നേതാവാകാൻ കോൺഗ്രസ് എം എൽ എ മാരുടെ പിന്തുണയുണ്ടായിട്ടും ആ സ്ഥാനത്തേക്ക് കരുണാകരൻ വന്നത്, 1993 ൽ രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കുമെന്ന് പറഞ്ഞ് കബളിപ്പിച്ചതും, ഒടുവിൽ മുസ്ലീംലീഗിലെ അബ്ദുസമദ് സമദാനിയെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കിയതുമെല്ലാം ശങ്കരനാരായണൻ ആത്മകഥയിൽ പറയുന്നു.

രാജ്യസഭാ സീറ്റ് നൽകാതെ വെട്ടിയതോടെയാണ് ശങ്കരനാരായണനും കരുണാകരനും അകന്നത്. ഒരുപാടു വട്ടം എന്നെ വ്യക്തിപരമായി നശിപ്പിക്കാനായി കരുണാകരൻ ശ്രമിച്ചത് സഹിക്കാനായില്ലെന്നും ശങ്കരനാരായണൻ കൂട്ടിച്ചേർത്തു.