സില്‍വര്‍ ലൈന്‍ പദ്ധതി; കേന്ദ്ര നിര്‍ദ്ദേശം തള്ളി കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി വേണമെന്ന കേന്ദ്ര നിര്‍ദ്ദേശം തള്ളി കേരള റെയില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍.

കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ 2006 ലെ ഇ.ഐ.എ വിജ്ഞാപനപ്രകാരം റെയില്‍ പദ്ധതികളെ പാരിസ്ഥിതിക അനുമതി നേടേണ്ട പദ്ധതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും, അതിനാല്‍ രാജ്യത്ത് നടപ്പാക്കുന്ന റെയില്‍ പദ്ധതികള്‍ക്ക് അത്തരം അനുമതിയുടെ ആവശ്യമില്ലെന്നും കെ-റെയില്‍ അധികൃതര്‍ നല്‍കിയ വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

വലിയ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറുകള്‍ കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി എടുക്കേണ്ടതുണ്ടോ എന്ന, കേരളത്തില്‍ നിന്നുള്ള ലോക്സഭാ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി വനം മന്ത്രി ഭൂപേന്ദ്ര യാദവ് നല്‍കിയ ഉത്തരമായിരുന്നു സംശയത്തിനിടയാക്കിയത്.

2006 ലെ ഇ.ഐ.എ വിജ്ഞാപനത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ പുതിയ പദ്ധതികള്‍ക്കും പാരിസ്ഥിതിക അനുമതി മുന്‍കൂറായി തേടണമെന്നായിരുന്നു കേന്ദ്രമന്ത്രി നല്‍കിയ മറുപടി.

എന്നാല്‍, കേരളം കേന്ദ്രത്തിന്റെ പാരിസ്ഥിതിക അനുമതി തേടിയില്ലെന്ന രീതിയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ഇടയാക്കിയെന്നാണ് കെ-റെയിലിന്റെ വിശദീകരണം.