ഈശോയ്‌ക്കെതിരെ ബിഡിജെഎസും; കേന്ദ്രത്തിന് നിവേദനം നല്‍കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: നാദിര്‍ഷായുടെ പുതിയ ചിത്രങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഈശോ, കേശു ഈ വീടിന്റെ ഐശ്വര്യം, എന്നീ പേരുകള്‍ ഉള്ള നാദിര്‍ഷാ ചിത്രങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

നാദിര്‍ഷായുടെ സിനിമകള്‍ ക്രൈസ്തവരെ അവഹേളിക്കുന്നതാണെന്നെന്നും, മതവിശ്വാസികളെ അവഹേളിക്കുന്ന ചലച്ചിത്രങ്ങള്‍ക്ക് എതിരെ നിയമനിര്‍മാണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നിവേദനം നല്‍കുമെന്നും തുഷാര്‍ വ്യക്തമാക്കി.

ക്രൈസ്തവരെ അവഹേളിക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ചിത്രങ്ങളുടെ നാമകരണമെന്ന് സംശയിക്കുന്നതായും, യേശുദേവനെ അവഹേളിക്കുന്ന ഇത്തരം പ്രവണതകള്‍ ചെറുത്തു തോല്‍പ്പിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, വിദ്യാഭ്യാസ രംഗത്തും സാമൂഹ്യരംഗത്തും ക്രൈസ്തവ സമൂഹം നല്‍കിയ മഹത്തായ സംഭാവനകള്‍ വിസ്മരിക്കാന്‍ കഴിയാത്തതാണെന്നും, യേശുദേവനെ അവഹേളിക്കുന്ന രീതിയില്‍ നടന്ന ഈ കുടില നീക്കം അത്യന്തം അപലനീയമാണെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

നാദിര്‍ഷയുടെ ചിത്രത്തിനെതിരെ മുന്‍ എംഎല്‍എ പി.സി ജോര്‍ജ്ജും രംഗത്തെത്തിയിരുന്നു. ചിത്രം വെളിച്ചം കാണിക്കില്ലെന്നായിരുന്നു പി.സി ജോര്‍ജ്ജിന്റെ ഭീഷണി.