സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിന് കണ്ണൂരില്‍ വേദിയൊരുക്കും

ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിന് കേരളത്തില്‍ വേദിയൊരുക്കും. ഏപ്രിലില്‍ നിശ്ചയിച്ചിരിക്കുന്ന പാര്‍ട്ടിയുടെ 23-ാം കോണ്‍ഗ്രസ്സാണ് കണ്ണൂരില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

ഇത് അഞ്ചാം തവണയാണ് കേരളം പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥ്യം വഹിക്കുന്നത്. 1956ല്‍ നാലാം പാര്‍ട്ടി കോണ്‍ഗ്രസിന് പാലക്കാട് വേദിയായി. 1968 ഡിസംബറില്‍ എട്ടാം പാര്‍ട്ടി കോണ്‍ഗ്രസ് കൊച്ചിയിലും, 1988 ഡിസംബര്‍ 27 മുതല്‍ 1989 ജനുവരി ഒന്നുവരെ 13-ാം കോണ്‍ഗ്രസ് തിരുവനന്തപുരത്തും ചേര്‍ന്നു. 2012 ഏപ്രിലില്‍ 20-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കോഴിക്കോട് ആതിഥ്യം വഹിച്ചു.

നിലവിലെ രാഷ്ട്രീയ സാഹചര്യവും ബംഗാളിലേയും കേരളത്തിലേയും തെരഞ്ഞെടുപ്പ് ഫലങ്ങളും കേന്ദ്രകമ്മിറ്റി വിശദമായി പരിശോധിച്ചു. വരാനിരിക്കുന്ന ത്രിപുര തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യോഗത്തില്‍ ധാരണയായി.

അതേസമയം, പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടായിരുന്നുവെന്ന നിലപാടുകള്‍ കേന്ദ്രകമ്മിറ്റിയില്‍ ഉയര്‍ന്നു. സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ്സിനെയും ദേശീയ തലത്തില്‍ ബിജെപിയെയും എതിര്‍ക്കുക എന്ന പാര്‍ട്ടി നയമാണ് പിന്തുടര്‍ന്നതെന്ന് ബംഗാളിലെ നേതാക്കള്‍ യോഗത്തെ അറിയിച്ചു. എന്നാല്‍, പശ്ചിമബംഗാളില്‍ തിരിച്ചു വരാന്‍ എന്താണ് ചെയ്യേണ്ടതെന്ന് പാര്‍ട്ടി സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.