കണ്‍സ്യൂമര്‍ഫെഡ് ഓണം-മുഹറം വിപണനമേള ഓഗസ്റ്റ് 11 മുതല്‍

കോഴിക്കോട്: സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന ഓണം-മുഹറം വിപണനമേള ഓഗസ്റ്റ് 11 മുതല്‍ 20 വരെ. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 11ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, മാനേജിങ് ഡയറക്ടര്‍ ഡോ. എസ്.കെ. സനില്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആദ്യ വില്‍പന നിര്‍വഹിക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ ലഭിക്കുക. 30 ലക്ഷം കുടുംബങ്ങളിലേക്കാണ് ഇതിന്റെ ആനുകൂല്യം എത്തിച്ചേരുക. റേഷന്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് സപ്ലൈകോ വിലവിവരപട്ടിക പ്രകാരമാണ് സാധനങ്ങള്‍ നല്‍കുന്നത്.

സംസ്ഥാനത്ത് 2000 ഓണം-മുഹറം വിപണികളാണ് കണ്‍സ്യൂമര്‍ ഫെഡ് ആരംഭിക്കുന്നത്. സബ്‌സിഡി ഉല്‍പന്നങ്ങള്‍ക്കു പുറമെ സൗന്ദര്യ വര്‍ധക വസ്തുക്കളും വീട്ടുപകരണങ്ങളും 15 മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ കണ്‍സ്യൂമര്‍ ഫെഡ് വില്‍പനയിലുണ്ടാവും.