തിരുവനന്തപുരം: റാപിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ പേരില്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പ്രവാസികളെ പിഴിയുന്നു. തിരുവനന്തപുരത്ത് 3400, കൊച്ചിയിലും, കോഴിക്കോടും 2490 എന്നിങ്ങനെയാണ് ടെസ്റ്റിന് കൈപ്പറ്റുന്നത്. സര്‍ക്കാര്‍ നിശ്ചിത നിരക്ക് നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ മറ്റു വിമാനത്താവളത്തിനേക്കാള്‍ 900 രൂപ അധികമാണു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഈടാക്കുന്നത്.
കരാര്‍ നേടിയ ഒരേ സ്ഥാപനമാണു പരിശോധനയ്ക്ക് ഓരോ വിമാനത്താവളത്തിലും തോന്നിയപടി നിരക്ക് ഈടാക്കുന്നത്. തിരുവനന്തപുരവും കോഴിക്കോടും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലാണ്. മൈക്രോ ടെക് എന്ന സ്വകാര്യ സ്ഥാപനമാണു രണ്ടിടത്തും പരിശോധന നടത്താന്‍ കരാര്‍ എടുത്തതെന്ന് അധികൃതര്‍ പറഞ്ഞു.
വിലക്കുകള്‍ക്ക് ശേഷം ഏതെങ്കിലും വിധേന ജോലിസ്ഥലത്തെത്തണമെന്ന വികാരത്തില്‍ നില്‍ക്കുന്ന പ്രവാസിയുടെ മനസ്സുകളെയാണ് ഇത്തരക്കാര്‍ കച്ചവടമാക്കുന്നത്. മാസങ്ങള്‍ നീണ്ട വിലക്കിനൊടുവില്‍ വ്യാഴാഴ്ച മുതലാണ് യുഎഇയിലേക്ക് ഇന്ത്യയില്‍ നിന്ന് യാത്രാനുമതി നല്‍കിയത്. വിമാനം പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടിപിസിആര്‍ പരിശോധനയും, വിമാനം പുറപ്പെടുന്നതിനു 4 മണിക്കൂര്‍ മുന്‍പ് അവിടെ റാപിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന നിബന്ധനകള്‍ക്കു മേല്‍ വന്‍ കൊള്ളയാണ് നടക്കുന്നത്.

