കോവിഡിന്റെ പേരില്‍ ജനങ്ങളെ ഉപദ്രവിക്കുന്നത് തുടര്‍ന്നാല്‍ പോലീസ് സ്റ്റേഷനുകള്‍ ഉപരോധിക്കുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തില്‍ പോലീസിനെ ഉപയോഗിച്ച് പൊതുജനങ്ങളെ ഉപദ്രവിക്കുന്നത് തുടര്‍ന്നാല്‍ കേരളത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ചെറുകിട വ്യാപാരികളും തൊഴിലാളികളും കച്ചവടക്കാരും റോഡിലിറങ്ങുന്നത് അവര്‍ക്ക് ജീവിക്കാനുള്ള വക കണ്ടെത്താനാണെന്നും, അവരെ ഉപദ്രവിക്കുന്ന പോലീസുകാരെ ന്യായീകരിക്കലല്ല പിണറായിയുടെ ജോലിയെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.

ഒരു പെട്ടിക്കടക്കാരന്‍ രാത്രി വൈകിയും ഉറങ്ങാതെ കട തുറന്ന് വെച്ച് ഇരിക്കുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇളവ് നല്‍കാന്‍ തയ്യാറാവാത്ത ലോണിന്റെ പലിശ തിരിച്ചടയ്ക്കാനോ വീട്ടിലേക്ക് ഒരു നേരത്തെ ആഹാരം വാങ്ങാനോ, വീട്ടു വാടക കൊടുക്കാനൊ, പ്രായമായ അച്ഛനമ്മമാര്‍ക്ക് മരുന്ന് വാങ്ങാനോ ഒക്കെ ആണെന്ന് മനസിലാക്കണമെന്നും കെ സുധാകരന്റെ പ്രസ്താവനയില്‍ പറയുന്നു.

ജനങ്ങളെ ഭീഷണിപ്പെടുത്തിയും തെറി പറഞ്ഞ് അപമാനിച്ചും ഭീമമായ തുക ഫൈന്‍ അടിച്ചും പോലീസ് കാട്ടുന്നത് പിടിച്ചുപറിയും അക്രമവുമാണ്. വാക്‌സിന്‍ എടുത്തു എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവരെ കടകളില്‍ പോലും പ്രവേശിപ്പിക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പോലീസിന് വീണ്ടും ജനങ്ങളുടെ മേല്‍ കുതിര കയറാനുള്ള ലൈസന്‍സ് ആണെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാരിന്റെ കഴിവ് കേട് കൊണ്ട് വാക്‌സീന്‍ ലഭിക്കാത്തവരുടെ സ്വാതന്ത്യം പോലും ഹനിക്കുന്നത് ഭരണഘടനാ ലംഘനവും ജനാധിപത്യ വിരുദ്ധവുമാണ്, പാര്‍ട്ടിക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും വാക്‌സിനും തൊഴില്‍ നിയമനവും മറ്റാനുകൂല്യങ്ങളും പിന്‍വാതില്‍ വഴി നല്‍കുകയും ബാക്കിയുള്ളവരുടെ സഞ്ചാര സ്വാതന്ത്യം പോലും തടഞ്ഞ് അവരെ ആത്മഹത്യയിലേക്ക് തള്ളി വിടുകയും ജീവിക്കാന്‍ വേണ്ടി പോരാടുന്നവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും ചെയ്യുന്നത് ഒരു ജനാധിപത്യത്തിന് മരണവാറണ്ട് എഴുതുന്നതിന് തുല്യമാണെന്നും കെ സുധാകരന്‍ വ്യക്തമാക്കി.