തിരുവനന്തപുരം: കിഫ്ബി പദ്ധതികള്‍ക്കെതിരെ വിമര്‍ശനവുമായി കെ ബി ഗണേശ്കുമാര്‍ എംഎല്‍എ. 2018ല്‍ തുടങ്ങിയ റോഡ് പണി പോലും തീര്‍ന്നിട്ടില്ലെന്നും, വെഞ്ഞാറമൂട് മേല്‍പ്പാലം എന്ന ആവശ്യത്തിന് കിഫ്ബി തടസം നില്‍ക്കുന്നുവെന്നും ഗണേശ് കുമാര്‍ ചൂണ്ടിക്കാട്ടി.
മികച്ച ഉദ്യോഗസ്ഥരുള്ള സാഹചര്യത്തില്‍ കിഫ്ബിയില്‍ കണ്‍സള്‍ട്ടന്‍സി ഒഴിവാക്കണമെന്നും, കോടിക്കണക്കിന് രൂപ ശമ്പളം കൊടുക്കുന്ന എന്‍ജിനീയര്‍മാര്‍ പൊതുമരാമത്ത് വകുപ്പില്‍ ഉള്ളപ്പോള്‍ എന്തിന് പുറത്തു നിന്ന് കണ്‍സള്‍ട്ടന്റുമാരെ കൊണ്ടുവരുന്നുവെന്നും, വലിയൊരു ശതമാനം തുക കണ്‍സള്‍ട്ടന്റുമാര്‍ കൊണ്ടുപോകുകയാണെന്നും ഗണേശ് കുമാര്‍ ആരോപിച്ചു. ഗണേശിന്റെ വിമര്‍ശനങ്ങളെ എ എന്‍ ഷംസീറും പിന്തുണച്ചു.
അതേസമയം, പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ചില നിര്‍ദ്ദേശങ്ങള്‍ കിഫ്ബി മുന്നോട്ട് വച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് സഭയെ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് കിഫ്ബി കൂടുതല്‍ തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പും കിഫ് ബിയും സര്‍ക്കാരിന്റെ അഭിമാന സ്തംഭങ്ങളാണെന്നും, എം എല്‍ എമാര്‍ പ്രശ്നങ്ങള്‍ പരിഗണിക്കുന്നുവെന്നും, എന്നാല്‍ എല്ലാ മാനദണ്ഡങ്ങളും മാറ്റാനാകില്ലെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു.
പദ്ധതികള്‍ വേഗത്തിലാക്കാന്‍ നടപടി തുടങ്ങിക്കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടിയ മുഹമ്മദ് റിയാസ് പൊതുമരാമത്തിനേയും കിഫ്ബിയേയും രണ്ടാക്കാന്‍ ശ്രമം നടക്കുന്നെന്നും ആരോപണം ഉന്നയിച്ചു.

