മൂന്നാം തരംഗം നേരിടാനൊരുങ്ങി സര്‍ക്കാര്‍; കോവിഡ് ചികിത്സാ പ്രോട്ടോകോള്‍ പുതുക്കി

തിരുവനന്തപുരം: മൂന്നാം തരംഗം മുന്നില്‍ക്കണ്ട് കോവിഡ് ചികിത്സാ പ്രോട്ടോകോള്‍ പുതുക്കിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മൂന്നാം തരംഗം മുന്നില്‍ കണ്ട് മരണനിരക്ക് ഇനിയും കുറയ്ക്കുക എന്ന ലക്ഷ്യത്തില്‍ ഊന്നിയാണ് ചികിത്സാ പ്രോട്ടോകോള്‍ പുതുക്കിയിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

മൈല്‍ഡ്, മോഡറേറ്റ്, സിവിയര്‍ എന്നിങ്ങനെ എ, ബി, സി മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ് കൊവിഡ് രോഗികളുടെ ചികിത്സ നടപ്പിലാക്കുന്നത്. മൈല്‍ഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് നിരീക്ഷണം മാത്രം മുന്‍നിര്‍ത്തിയാണ് പരിചരണം. എന്നാല്‍, അപകട സൂചകമായി എന്തെങ്കിലും പ്രകടിപ്പിച്ചാല്‍ ഉടന്‍ ആരോഗ്യപ്രവര്‍ത്തകര്‍ വഴി വിദഗ്ധചികിത്സ ലഭ്യമാക്കും.

രോഗ സ്വഭാവമനുസരിച്ച് അഞ്ച് തരത്തിലുള്ള പരിചരണമാണ് ഉറപ്പ് വരുത്തുന്നത്. രോഗലക്ഷണമില്ലാത്തവര്‍ക്ക് ഹോം കെയര്‍ ഐസൊലേഷന്‍ മാത്രം മതിയാകും. എന്നാല്‍ വീട്ടില്‍ ഐസോലേഷന് സൗകര്യമില്ലാത്തവരെ ഡി.സി.സി.കളില്‍ പാര്‍പ്പിക്കേണ്ടതാണ്. കാറ്റഗറി എയിലെ രോഗികളെ സി.എഫ്.എല്‍.ടി.സി.കളിലേക്കും കാറ്റഗറി ബിയിലെ രോഗികളെ സി.എസ്.ടി.എല്‍.സി. എന്നിവിടങ്ങളിലും കാറ്റഗറി സിയിലുള്ള ഗുരുതര രോഗികളെ കോവിഡ് ആശുപത്രികളിലുമായിരിക്കും ചികിത്സിക്കുക.

ഗര്‍ഭിണികളെ മരണത്തില്‍ നിന്നും സംരക്ഷിക്കാന്‍ പ്രത്യേക ക്രിട്ടിക്കല്‍ കെയര്‍ മാര്‍ഗ നിര്‍ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രമേഹ രോഗികളിലെ കൊവിഡ് മരണനിരക്ക് കുറയ്ക്കാന്‍ പ്രമേഹ രോഗ നിയന്ത്രണത്തിന് പ്രത്യേക പ്രാധാന്യവും നല്‍കുന്നുണ്ട്.

കുട്ടികളുടെ ക്രിട്ടിക്കല്‍ കെയര്‍, ഇന്‍ഫെക്ഷന്‍ മാനേജ്മെന്റ്, പ്രായപൂര്‍ത്തിയായവരുടെ ക്രിട്ടിക്കല്‍ കെയര്‍, ശ്വാസതടസമുള്ള രോഗികള്‍ക്കുള്ള വിദഗ്ധ ചികിത്സ, ആസ്പര്‍ഗില്ലോസിസ്, മ്യൂകോര്‍മൈക്കോസിസ് ചികിത്സ എന്നിവയും പുതിയ പ്രോട്ടോകോളില്‍ വിശദമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓരോ കാലത്തുമുള്ള വൈറസിന്റെ സ്വഭാവവും അതനുസരിച്ചുള്ള വിദഗ്ധ ചികിത്സയും ഉറപ്പാക്കാനാണ് ചികിത്സ പ്രോട്ടോകോള്‍ പുതുക്കിയിട്ടുള്ളത്. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോകോള്‍ പുതുക്കുന്നത്.