മംഗളുരു: ഭീകരബന്ധം സംശയിക്കുന്ന യുവതിയെ മംഗളൂരുവിൽ നിന്നും കസ്റ്റഡിയിലെടുത്ത് എൻഐഎ. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് എൻഐഎയുടെ നടപടി. ഉള്ളാളിലെ കോൺഗ്രസ് മുൻ എംഎൽഎ ബി. എം. ഇദ്ദിനബ്ബയുടെ പേരക്കുട്ടിയുടെ ഭാര്യയെയാണ് എൻ ഐ എ കസ്റ്റഡിയിലെടുത്തത്. കേരളത്തിൽ നിന്നടക്കം യുവാക്കളെ ഐ. എസിലേക്ക് റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ട കേസിൽ ഇദ്ദിനബ്ബയുടെ മറ്റൊരു പേരക്കുട്ടി അമർ അബ്ദുൽ റഹ്മാനെയടക്കം നാലുപേരെ എൻ ഐ എ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് യുവതിയെ എൻഐഎ കസ്റ്റഡിയിലെടുത്തത്.
ബി. എം. ഇദ്ദിനബ്ബയുടെ മകൻ ബി. എം. ബാഷയുടെ മകനാണ് അമർ. ബാഷയുടെ മറ്റൊരു മകന്റെ ഭാര്യയായ വിരാജ്‌പേട്ട സ്വദേശിനിയെയാണ് ദേശീയ അന്വേഷണ ഏജൻസി ഇപ്പോൾ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മംഗളൂരുവിൽ ഡെന്റൽ കോളജിൽ പഠിക്കവേ ബാഷയുടെ മകനുമായി അടുപ്പത്തിലായ ഈ യുവതി മതം മാറിയാണ് ഇയാളെ വിവാഹം ചെയ്തത്. ടെലഗ്രാമിലും ഇൻസ്റ്റഗ്രാമിലും ഐ. എസ്. അനുകൂല കൂട്ടായ്മയിൽ ഈ യുവതി അംഗമാണെന്നാണ് റിപ്പോർട്ടുകൾ.
കേരളത്തിലെ ഐ എസ് (ഇസ്ലാമിക് സ്റ്റേറ്റ്) റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നാലു പേരെയാണ് എൻഐഎ പിടികൂടിയത്. ംഗളൂരു, ബെംഗളൂരു, ശ്രീനഗർ, ബന്ദിപ്പോറ എന്നിവിടങ്ങളിൽ എൻ ഐ എ നടത്തിയ റെയ്ഡിലായിരുന്നു അറസ്റ്റ്.

