കൊച്ചി: വളര്‍ത്തു മൃഗങ്ങള്‍ക്കു ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനായുള്ള ഉത്തരവില്‍ നടപടികള്‍ വേഗത്തിലാക്കണമെന്നു ഹൈക്കോടതി. ഇതു സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കുലര്‍ അടിയന്തരമായി പുറപ്പെടുവിക്കണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.
മാത്രമല്ല, തെരുവ് നായ്ക്കളെ സംരക്ഷിക്കുവാനും ഭക്ഷണം നല്‍കുന്നതിനുമായുള്ള കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ഏഴെണ്ണം മാത്രമാണ് ഉള്ളതെന്നും, കൂടുതല്‍ സ്ഥാപിക്കണമെന്നും കോടതി അറിയിച്ചു. തൃക്കാക്കര നഗരസഭയില്‍ നായ്ക്കളെ കൂട്ടമായി കൊന്നത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നിര്‍ദ്ദേശം.
തെരുവു നായ്ക്കളെ കൂട്ടക്കൊല ചെയ്തതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസുകള്‍ തിങ്കളാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചു.
ജസ്റ്റിസ് എ.കെ. യശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്കും കന്നുകാലികള്‍ക്കും ലൈസന്‍സ് വേണമെന്നും ആറുമാസത്തിനകം റജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍ നോട്ടീസ് ഇറക്കണമെന്ന ഉത്തരവിട്ടത്.
ഭാവിയില്‍ വളര്‍ത്തു മൃഗങ്ങളെ വാങ്ങുന്നവരും മൂന്നു മാസത്തിനകം ലൈസന്‍സ് എടുത്തിരിക്കണമെന്നും ലൈസന്‍സ് ഫീ ഈടാക്കാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

