തിരുവനന്തപുരം: സര്‍ക്കാരിന്റെ പുതുക്കിയ കൊവിഡ് ഇളവുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ബിവറേജില്‍ മദ്യം വാങ്ങാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട, കടകളില്‍ നിന്ന് സാധനം വാങ്ങാന്‍ ഒരു വാക്‌സിനെങ്കിലും എടുക്കണമെന്ന സര്‍ക്കാര്‍ നടപടി അപഹാസ്യകരമാണെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.
ആര്‍ ടി പി സി ആര്‍ എടുക്കാന്‍ പോയി വന്നിട്ട് സാധനം വാങ്ങാന്‍ പോകുന്നതൊക്കെ നടക്കുന്ന കാര്യമാണോ എന്ന് അദ്ദേഹം ആരാഞ്ഞു. അര കിലോ ഉണക്കമീന്‍ വാങ്ങാന്‍ പോകണമെങ്കില്‍ ആര്‍ ടി പി സി ആര്‍ എടുക്കണമെന്ന് പറഞ്ഞാല്‍ നടക്കുമോ, ഇതൊക്കെ ഒരു പരിഷ്‌കൃത സമൂഹത്തിന് മുന്‍പില്‍ പറയേണ്ടതാണോ എന്ന് സുധാകരന്‍ പറഞ്ഞു.
മാത്രമല്ല, ഇവിടെ വാക്സിന്‍ കിട്ടാനുണ്ടോ എന്നും, അതിന് ആരാ കുറ്റവാളി ജനങ്ങളാണോയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, പ്രതിപക്ഷത്തു നിന്നും ജനങ്ങളുടെ ഭാഗത്തു നിന്നും പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തിലും പുതുക്കിയ കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താനാവില്ലെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയത്.
രണ്ടാഴ്ച്ചയ്ക്ക് മുന്‍പെങ്കിലും കോവിഡ് 19 വാക്സിന്റെ ആദ്യഡോസ് എങ്കിലും എടുത്തവര്‍ക്കോ, 72 മണിക്കൂറുകള്‍ക്കകം എടുത്തിട്ടുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവര്‍ക്കോ, അല്ലെങ്കില്‍ കുറഞ്ഞത് ഒരു മാസം മുന്‍പെങ്കിലും കോവിഡ് 19 രോഗം പിടിപെട്ട് ഭേദമായ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കോ മാത്രമേ കടകള്‍, കമ്പോളങ്ങള്‍, ബാങ്കുകള്‍, പൊതു സ്വകാര്യ മേഖലയിലെ ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വിനോദ സഞ്ചാര മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രവേശനാനുമതിയുള്ളൂവെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്.
എന്നാല്‍, ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കടകളിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വേണമെന്ന നിര്‍ദേശം പൂര്‍ണമായി അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.

