വേട്ടനായ്ക്കളുമായി നായാട്ടിനിറങ്ങിയ സംഘത്തില്‍ ഒരാള്‍ അറസ്റ്റില്‍; കുന്തവും, ഇരുമ്പ് ദണ്ഡും പിടിച്ചെടുത്തു

പാലക്കാട്: ആയുധങ്ങളുമായി കാഞ്ഞിരപ്പുഴ മേഖലയില്‍ നായാട്ടിനിറങ്ങിയ സംഘത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുതുകുറുശ്ശി സ്വദേശി ഷൈന്‍ എന്നയാളെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. വന്യജീവി സംരക്ഷണ നിയമപ്രകാരവും വനത്തില്‍ അതിക്രമിച്ച് കയറിയതിനും ഷൈനെതിരെ കേസെടുത്തു. മുനയുള്ള ഇരുമ്പ് കുന്തം, ഇരുമ്പ് ദണ്ഡ് എന്നിവ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാസം രണ്ടു തവണയും, ജൂണ്‍മാസവും നായാട്ടിന് പോയിരുന്നതായി അറസ്റ്റിലായ പ്രതി പോലീസിനോട് പറഞ്ഞിട്ടുണ്ട്. കാട്ടുപന്നി, മുയല്‍, മാന്‍ തുടങ്ങിയ മൃഗങ്ങളെയാണ് വേട്ടയാടി പിടിയ്ക്കുക. ഇതിന് വേട്ടനായ്ക്കളെ പരിശീലിപ്പിച്ച് വില്‍പ്പന നടത്താറുണ്ടെന്നും പ്രതി അറിയിച്ചിട്ടുണ്ട്.

കാഞ്ഞിരപുഴ ഭാഗത്ത് വേട്ടനായ്ക്കളുമായി കഴിഞ്ഞ ദിവസം നായാട്ട് സംഘം സഞ്ചരിയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു പോലീസ് അന്വേഷണം.