മുസ്ലീം ലീഗ് നേതൃത്വത്തിനെതിരെ വിമർശനവുമായി ഹൈദരലി തങ്ങളുടെ മകൻ

കോഴിക്കോട്: മുസ്ലീം ലീഗ് നേതൃത്വത്തിനും പി കെ കുഞ്ഞാലിക്കുട്ടിക്കും എതിരെ വിമർശനവുമായി ഹൈദരലി തങ്ങളുടെ മകൻ മൊയിൻ അലി. ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. കോഴിക്കോട്ട് വിളിച്ച് ചേർത്ത പത്രസമ്മേളനത്തിലാണ് മൊയിൻ അലിയുടെ പ്രതികരണം.

നാല് പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടിയാണ്. ഫിനാൻസ് മാനേജർ സമീറിനെ വച്ചത് കുഞ്ഞാലിക്കുട്ടിയാണ്. പാർട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈദരലി തങ്ങൾ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് കഴിയുന്നതെന്നും മൊയീൻ അലി കൂട്ടിച്ചേർത്തു. മെയിൻ അലിയുടെ വെളിപ്പെടുത്തലുകൾക്കെതിരെ മുസ്ലീം ലീഗ് പ്രവർത്തകർ പ്രതിഷേധിച്ച് രംഗത്തെത്തിയതോടെ വാർത്താ സമ്മേളനം തടസപ്പെട്ടു.

അതേസമയം ചന്ദ്രിക പത്രത്തിന് എതിരായ ആരോപണങ്ങൾ നിയമപരമായി നിലനിൽക്കില്ലെന്നാണ് മുസ്ലീംലീഗിന്റെ വിശദീകരണം. വരിസംഖ്യയായി പിരിച്ച തുകയാണ് രണ്ട് ഘട്ടമായി ചന്ദ്രികയുടെ അക്കൌണ്ടിൽ അടച്ചത്. നോട്ടുനിരോധന കാലത്ത് 9,95,00,000 രൂപയാണ് പഞ്ചാബ് നാഷണൽ ബാങ്കിൽ അടച്ചത്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് കഴിഞ്ഞ ജൂലൈയിലാണ് ആദായ നികുതി വകുപ്പ് ആദ്യമായി ചോദിച്ചതെന്നും ആവശ്യമായ എല്ലാ രേഖകളും ആദായ നികുതി വകുപ്പിന് നൽകിയിട്ടുണ്ടെന്നും മുസ്ലീം ലീഗ് വ്യക്തമാക്കി. പാണക്കാട് ഹൈദരലി തങ്ങളെ ചോദ്യം ചെയ്തിട്ടില്ലെന്നും മൊഴിയെടുക്കുകയാണ് ഉണ്ടായതെന്നും ലീഗ് അറിയിച്ചു.