പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ ഗുരുതരം; പരാതി നല്‍കാതിരുന്നത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച ആരോപണം വളരെ ഗുരുതര സ്വഭാവമുള്ളതാണെന്ന് സുപ്രീം കോടതി. പെഗസസില്‍ അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

ടെലഗ്രാഫ്, ഐ.ടി നിയമങ്ങള്‍ പ്രകാരം അധികൃതര്‍ക്ക് പരാതി നല്‍കാത്തത് എന്തുകൊണ്ടാണെന്നും, 2019ല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ എന്തുകൊണ്ട് ഔദ്യോഗികമായി പരാതി നല്‍കിയില്ലെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു.

മാത്രമല്ല, റിപ്പോര്‍ട്ടുകളുടെ ആധികാരികത, പ്രഥമദൃഷ്ട്യാ കേസ് എന്നിവയുണ്ടെങ്കില്‍ അന്വേഷത്തിന് ഉത്തരവിടാന്‍ കോടതിക്ക് കഴിയുമെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും നോട്ടീസ് അയക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം, ഹര്‍ജിയുടെ പകര്‍പ്പ് കേന്ദ്രത്തിന് നല്‍കാന്‍ എല്ലാ ഹര്‍ജിക്കാരോടും കോടതി ആവശ്യപ്പെട്ടു. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ വാദം കേള്‍ക്കും.