തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ലോക്ഡൗണ്‍ ഇളവുകളില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ തിരുത്തില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രായോഗികമായ നിര്‍ദേശങ്ങള്‍ തന്നെയാണ് പുതിയ ഉത്തരവിലുള്ളതെന്നും ഇനി അത് തിരുത്താന്‍ സാധിക്കില്ലെന്നും നിയമസഭയിലാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും അപ്രായോഗികമായ നിരവധി നിബന്ധനകള്‍ പുതുക്കിയ കൊവിഡ് മാനദണ്ഡങ്ങളില്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് എംഎല്‍എ പി സി വിഷ്ണുനാഥിന് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
രണ്ടാഴ്ച്ചയ്ക്ക് മുന്‍പെങ്കിലും കോവിഡ് 19 വാക്‌സിന്റെ ആദ്യഡോസ് എങ്കിലും എടുത്തവര്‍ക്കോ, 72 മണിക്കൂറുകള്‍ക്കകം എടുത്തിട്ടുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഉള്ളവര്‍ക്കോ, അല്ലെങ്കില്‍ കുറഞ്ഞത് ഒരു മാസം മുന്‍പെങ്കിലും കോവിഡ് 19 രോഗം പിടിപെട്ട് ഭേദമായ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കോ മാത്രമേ കടകള്‍, കമ്പോളങ്ങള്‍, ബാങ്കുകള്‍, പൊതു സ്വകാര്യ മേഖലയിലെ ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, വിനോദ സഞ്ചാര മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രവേശനാനുമതിയുള്ളൂവെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്.
എന്നാല്‍, ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കടകളിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വേണമെന്ന നിര്‍ദേശം പൂര്‍ണമായി അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.

