കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച പ്രഥമ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്തിന്റെ സമുദ്രപരീക്ഷണങ്ങള്‍ ആരംഭിച്ചു. കൊച്ചി കപ്പല്‍ശാലയില്‍ നിന്നും ഉള്‍ക്കടലിലേയ്ക്ക് ഇന്നു രാവിലെയായിരുന്നു ആദ്യ യാത്ര നടത്തിയത്. അടുത്തവര്‍ഷം പകുതിയോടെ കപ്പല്‍ കമ്മിഷന് ചെയ്യുകയാണ് ലക്ഷ്യം.
രാജ്യത്തിന്റെ അഭിമാന നിമിഷങ്ങളെന്നാണ് വിക്രാന്തിന്റെ ആദ്യ യാത്രയെക്കുറിച്ച് നാവികസേന വിശേഷിപ്പിച്ചത്. തദ്ദേശീയമായി നിര്‍മ്മിക്കാന്‍ ആധുനിക സാങ്കേതികവിദ്യയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടതായും നാവികസേന വ്യക്തമാക്കി.
വിമാനവാഹിനിക്കപ്പലിന് 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും, സൂപ്പര്‍ സ്ട്രക്ചര്‍ ഉള്‍പ്പെടെ 59 മീറ്റര്‍ ഉയരവും ഉണ്ട്. സൂപ്പര്‍ സ്ട്രക്ചറില്‍ അഞ്ചെണ്ണം ഉള്‍പ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കംപാര്‍ട്ട്മെന്റുകളുമാണുള്ളത്. 1700 ഓളം വരുന്ന ക്രൂവിനായി രൂപകല്‍പ്പന ചെയ്ത കപ്പലില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റര്‍ വിമനങ്ങളെയും വഹിക്കാന്‍ കഴിയുന്ന വിക്രാന്തിനു 28 മൈല്‍ വേഗതയും, 18 മൈല്‍ ക്രൂയിസിംഗ് വേഗതയും 7,500 മൈല്‍ ദൂരം പോകുവാനുള്ള ശേഷിയും ഉണ്ട്. 40000 ടണാണ് ഐഎന്‍എസ് വിക്രാന്തിന്റെ ഭാരം.
ഇന്ത്യന്‍ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ രൂപകല്‍പ്പന ചെയ്ത്, ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ കപ്പല്‍ശാലയായ കൊച്ചിന് ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ 76 ശതമാനത്തിലധികം തദ്ദേശീയമായി നിര്‍മിക്കുന്ന ഇന്ത്യയുടെ പ്രഥമ വിമാനവാഹിനി കപ്പല്‍ ആണ് ‘വിക്രാന്ത്’.

