തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സുപ്രീംകോടതിയെ സമീപിക്കാന്‍ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ അറിയിച്ചത്.
ഒരുതരത്തിലുള്ള മറച്ചുവയ്ക്കലും സര്‍ക്കാരിന്റെ ഭാഗത്തില്ല, ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച് വര്‍ഗീയമായ ചേരിതിരിവുണ്ടാക്കാന്‍ ചിലര്‍ ഇപ്പോഴും ശ്രമിക്കുന്നുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും, അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യത്തില്‍ ഒരു രൂപ പോലും കുറവ് വരില്ലെന്ന് പലതവണ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ അനുപാതം നിശ്ചയിക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍ പോകുന്നത്.
നേരത്തെ, സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെന്‍സസ് റിപ്പോര്‍ട്ടനുസരിച്ച് സ്‌കോളര്‍ഷിപ്പ് തുല്യ പരിഗണനയോടെ വിതരണം ചെയ്യാനുള്ള ഉത്തരവിറക്കാനാണ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. 80:20 അനുപാതം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും, ന്യൂനപക്ഷ വിഭാഗങ്ങളെ തുല്യമായാണു പരിഗണിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

