കൊച്ചി: മെട്രോയില്‍ ജനകീയ യാത്ര നടത്തിയ കേസില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരായ കേസുകള്‍ കോടതി തള്ളി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരടക്കമുള്ള 30 പ്രതികളെയും കോടതി വെറുതെവിട്ടു. കൊച്ചിയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. നിയന്ത്രണങ്ങള്‍ ലംഘിച്ച് മെട്രോയില്‍ ജനകീയ യാത്ര സംഘടിപ്പിച്ചെന്നായിരുന്നു ഇവര്‍ക്കെതിരെയുളള കേസ്.
കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങും, ആദ്യയാത്രയും രാഷ്ട്രീയ വത്കരിച്ചതില്‍ പ്രതിഷേധിച്ച് 2017 ലാണ് ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ ആലുവയില്‍ നിന്ന് പാലാരിവട്ടം വരെ ജനീയ യാത്ര സംഘടിപ്പിച്ചത്. നേതാക്കളും പ്രവര്‍ത്തകരും കൂട്ടമായെത്തി മുദ്രാവാക്യം വിളിക്കുകയും പ്രകടനം നടത്തുകയും ചെയ്തതോടെ സുരക്ഷാ സംവിധാനങ്ങള്‍ താറുമാറായി എന്ന് ആരോപിച്ചായിരുന്നു കേസ്.
മെട്രോ ചട്ടം അനുസരിച്ച് ട്രെയിനിലും പരിസരത്തും പ്രകടനം നടത്തുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്യുന്നത് 1000 രൂപ പിഴയും 6 മാസം വരെ തടവും ലഭിക്കുന്ന കുറ്റമായാണു പരിഗണിക്കുന്നത്. ഓട്ടോമാറ്റിക് ടിക്കറ്റ് ഗേറ്റുകള്‍ തിരക്ക് നിമിത്തം തുറന്നിടേണ്ടിയും വന്നു. ജനകീയ യാത്ര സാധാരണ യാത്രക്കാരുടെ മെട്രോ പ്രവേശനത്തിനു തടസ്സം സൃഷ്ടിച്ചെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. ജനകീയ യാത്രക്കിടെ സാധാരണ യാത്രക്കാര്‍ക്ക് പ്‌ളാറ്റ്‌ഫോമില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു തിക്കും തിരക്കുമെന്നും ആരോപണമുണ്ട്.

