എംഎസ്‌സിക്കാരന് ആടിനെ വളര്‍ത്താം, എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലിവേണമെന്ന മനോഭാവം മാറണമെന്ന് ഹൈക്കോടതി . . .

കൊച്ചി: എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലിവേണമെന്ന മനോഭാവം മാറേണ്ട സമയം അതിക്രമിച്ചെന്ന് ഹൈക്കോടതി. പി എസ് സി ജോലിയുമായി ബന്ധപ്പെട്ട് ദേവികുളം സ്വദേശിയുടെ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇത്തരം പരാമര്‍ശം നടത്തിയത്. എല്ലാവര്‍ക്കും സര്‍ക്കാര്‍ ജോലി വേണമെന്ന നിലപാട് കേരളത്തില്‍ മാത്രമാണെന്നും ഈ മനോഭാവം മാറേണ്ട സമയം അതിക്രമിച്ചെന്നുമായിരുന്നു കോടതി പറഞ്ഞത്.

എം എസ് സി പഠിക്കുന്നവര്‍ക്ക് ആടിനെ വളര്‍ത്താം, പക്ഷേ അതിന് നമ്മള്‍ തയാറാകില്ല, സര്‍ക്കാര്‍ ജോലി ജീവിതത്തിന്റെ അവസാനമല്ല, ബിരുദമൊക്കെ നേടിയാല്‍ കേരളത്തിലെ യുവതീ യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയല്ലാതെ മറ്റ് ജോലി ചെയ്യാമെന്നത് ചിന്തിക്കാന്‍ പോലുമാവുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

പി എസ് സി ആവശ്യപ്പെട്ട സമയത്ത് എക്‌സപീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടയാളുടെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍. ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റേയും ജസ്റ്റിസ് എ ബദറുദീന്റേയും ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.