ബന്ധുനിയമന കേസില്‍ ലോകായുക്ത നീതി നിഷേധിച്ചെന്ന്; ജലീല്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ബന്ധുനിയമന കേസില്‍ നീതി നിഷേധിക്കപ്പെട്ടെന്ന് കാണിച്ച് മുന്‍ മന്ത്രി കെ.ടി ജലീല്‍ സുപ്രീം കോടതിയില്‍. ലോകായുക്ത സ്വാഭാവിക നീതി നിഷേധിച്ചുവെന്നും, ലോകായുക്ത റിപ്പോര്‍ട്ടും ഹൈക്കോടതി വിധിയും അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ജലീല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

നിയമനത്തില്‍ സ്വജനപക്ഷപാതം ഇല്ലെന്നും ലോകായുക്ത റിപ്പോര്‍ട്ട് റദ്ദ് ചെയ്യണമെന്നും സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. ബന്ധുവായ കെ.ടി അദീപിനെ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജറായി നിയമിച്ചത് സ്വജനപക്ഷപാതമാണെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍.

ബന്ധുനിയമന വിഷയത്തില്‍ ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ ഉത്തരവ്. ഈ ഉത്തരവ് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍, കേസില്‍ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് ലോകായുക്തയുടെ കണ്ടെത്തലെന്നും ഹര്‍ജിയില്‍ ജലീല്‍ ചൂണ്ടിക്കാട്ടി. തന്നെ കേള്‍ക്കാന്‍ ലോകായുക്ത കേട്ടിട്ടില്ലെന്നും, പരാതിക്കാര്‍ വാക്കാല്‍ നടത്തിയ വാദത്തിന്റെ അടിസ്ഥാനത്തില്‍ ആണ് ലോകായുക്ത റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്നും ജലീല്‍ ആരോപിക്കുന്നു.